യാസ് മറീനയില്‍ ഇനി വേഗ രാജാക്കൻമാർ ഏറ്റുമുട്ടും; ഫോർമുല വൺ ഗ്രാൻഡ് പ്രീക്ക് തുടക്കം

അബുദാബിയിൽ ഫോർമുല വൺ ഗ്രാൻഡ് പ്രീ മൽസരങ്ങൾക്കു തുടക്കം. യാസ് മറീന സർക്യൂട്ടിലെ റേസ് ട്രാക്കിലാണ് വേഗരാജാക്കൻമാർ ഏറ്റുമുട്ടുന്നത്. മെഴ്സിഡീസിൻറെ ബ്രിട്ടിഷ് ഡ്രൈവർ ലൂയിസ് ഹാമിൽട്ടണിൻറെ ഇരുന്നൂറ്റിയൻപതാം ഫോർമുല വൺ റേസിനും അബുദാബി സാക്ഷ്യം വഹിക്കും.

സീസണിലെ അവസാനമൽസരത്തിനാണ് അബുദാബി  യാസ് മറീന സർക്യൂട്ട് ഒരുങ്ങുന്നത്.  മെഴ്സിഡഡ്,  ഫെറാരി,  വില്യംസ്,  ആൽഫാ റോമിയോ, ഹാസ്, മക് ലാരൻ, റെഡ്ബുൾ, റേസിങ്‌ പോയന്റ്, ടോറോ റോസോ എന്നീ ടീമുകൾ റേസ് ട്രാക്കിൽ ഏറ്റുമുട്ടും. യാസ് മറീന സർക്യൂട്ടിലെ 5.554 കിലോമീറ്റർ നീളമുള്ള ട്രാക്കിൽ 55 ലാപ്പുകളിലായാണ് മത്സരങ്ങൾ. ആദ്യരണ്ടുദിവസത്തെ പരിശീലന ഘട്ടങ്ങൾക്കു ശേഷം ശനി, ഞായർ ദിവസങ്ങളിലാണ് കലാശപ്പോരാട്ടം. കഴിഞ്ഞ വർഷത്തെ ചാമ്പ്യനായ മെഴ്സിഡസിന്റെ ലൂയിസ് ഹാമിൽട്ടൺ സീസണിലെ ലോകകിരീടം ഉറപ്പിച്ചതിനു പിന്നാലെ അബുദാബിയും കീഴടക്കാനൊരുങ്ങുകയാണ്.  

കഴിഞ്ഞ വർഷം രണ്ടാമതെത്തിയ ഫെരാരിയുടെ സെബാസ്റ്റ്യൻ വെറ്റൽ, റെഡ് ബുള്ളിന്റെ മാക്സ് വെസ്റ്റാപ്പെൻ, അട്ടിമറി ലക്ഷ്യമിട്ടു വില്യംസ് അടക്കമുള്ള ടീമുകളും അണിനിരക്കുന്ന ട്രാക്കിൽ തീപാറും. ഞായറാഴ്ച വൈകിട്ട് യുഎഇ സമയം അഞ്ചു പത്തിനാണ് ഒന്നരമണിക്കൂറോളം നീളുന്ന ഫൈനൽ പോരാട്ടം. അതേസമയം, ആരാധകരെ വേദിയിലെത്തിക്കാൻ 70 ബസുകളും മൂവായിരത്തിലധികം ടാക്സികളുമാണ് അബുദാബി ഗതാഗത വകുപ്പ് ഒരുക്കിയിരിക്കുന്നത്. നഗരത്തിൽ നിന്നു യാസ് ഐലൻഡിലേക്കും തിരിച്ചും ബസുകളുണ്ടാകും.