ദേഹത്ത് ഒട്ടകം വീണ് ഇന്ത്യക്കാരന് ഗുരുതര പരുക്ക്; സ്പോൺസർ ഉപേക്ഷിച്ചു; ഒടുവിൽ

കാലിൽ ശുശ്രൂഷ നൽകുന്നതിനിടെ ഒട്ടകം ദേഹത്ത്‌ മറിഞ്ഞു വീണു ഗുരുതരമായി പരുക്കേറ്റ ആന്ധ്ര സ്വദേശി നാടണഞ്ഞു. റിയാദിൽ മരുഭൂമിക്കകത്ത്‌‌ ഒട്ടകം മേയ്ക്കൽ ജോലിയിൽ ഏർപ്പെട്ടിരുന്ന രാമ ലക്ഷ്മൺ പസാലയ്ക്കാണ്‌ രണ്ടു മാസം മുൻപ് അപകടം സംഭവിച്ചത്‌. കുളമ്പിൽ ശുശ്രൂഷിക്കുന്നതിനിടെ ഒട്ടകം രാമലക്ഷ്മണന്റെ ദേഹത്ത്‌ വീണ് നട്ടെല്ലിനും വാരിയെല്ലിനും പരുക്കേൽക്കുകയായിരുന്നു. ആശുപത്രിയിൽ ചികിൽസക്ക്‌ ശേഷം ബെൽറ്റിന്റെ സഹായത്താൽ സുഖം പ്രാപിച്ചു വന്നെങ്കിലും സ്പോൺസർ പിന്നീട്‌ തിരിഞ്ഞു നോക്കുകയോ ചെലവ്‌ വഹിക്കുകയോ ചെയ്തില്ല. അവിടെ നിന്ന് ഡിസ്ചാർജ്‌ ആയ ഉടനെ ആശുപത്രി അധികൃതർ ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിൽ പൊലീസാണ്‌ ഇന്ത്യൻ എംബസിയിൽ ഈ വിവരം അറിയിക്കുന്നത്‌. എംബസി, സാമൂഹിക പ്രവർത്തകരുടെ സഹായത്താൽ ഇദ്ദേഹത്തെ സന്ദർശിച്ച്‌ നാട്ടിൽ പോകാനുള്ള ഏർപ്പാട് ചെയ്യുകയായിരുന്നു.

മരുഭൂമിയിൽ 14 മാസം മുൻപ് ജോലിയ്ക്കെത്തിയ ഇദ്ദേഹത്തിന്‌ കഴിഞ്ഞ രണ്ടു മാസത്തെ ശമ്പളവും ലഭിച്ചിട്ടില്ല. സാമൂഹിക പ്രവർത്തകൻ ശിഹാബ്‌ കൊട്ടുകാട്‌ വഴി വേൾഡ്‌ മലയാളി ഫെഡറേഷൻ പ്രതിനിധി മുഹമ്മദ്‌ കായംകുളം ഏർപ്പാടാക്കിയ ഗോൾഡൻ ചിമിനി ഹോട്ടൽ അക്കമൊഡേഷനിലാണ്‌ ഇദ്ദേഹത്തെ പിന്നീട്‌ താമസിപ്പിച്ചത്‌. തുടർന്ന് എംബസി എമർജൻസി പാസ്പോർട്ട്‌ നൽകുകയും തർഹീലിൽ നിന്ന് എക്സിറ്റ്‌ നേടുകയുമായിരുന്നു. 

സൗദിയിലെത്തി 14 മാസമായെങ്കിലും ഇതുവരെ താമസ രേഖയോ മറ്റോ സ്പോൺസർ ശരിയാക്കി നൽകിയിരുന്നില്ല. മെഡിക്കൽ റിപ്പോർട്ട്‌ സമർപ്പിച്ച്‌‌ എംബസി ഇടപെട്ടതിന്റെ അടിസ്ഥാനത്തിലാണ്‌ ഇഖാമ ഇല്ലാതിരുന്നിട്ടും പെട്ടെന്ന് എക്സിറ്റ്‌ നേടാനായതെന്ന് സാമൂഹിക പ്രവർത്തകൻ ശിഹാബ്‌ കൊട്ടുകാട്‌ മനോരമ ഓൺലൈനിനോട്‌ പറഞ്ഞു. 

ആന്ധ്ര ഭാഷയിൽ മാത്രം സംസാരിക്കുന്ന ഇദ്ദേഹത്തിന്‌ ചെറിയ രീതിയിൽ അറബി മാത്രമേ അറിയുമായിരുന്നുള്ളൂ. ആശയ വിനിമയം ദുഷ്കരമായിരുന്നെങ്കിലും ഇദ്ദേഹത്തിൽ നിന്ന് ലഭിച്ച മൊബൈൽ നമ്പറിൽ ബന്ധപ്പെട്ട് ഒരു അകന്ന ബന്ധു മുഖേനയാണ്‌ അത്‌ സാധ്യമാക്കിയത്‌. ഇവർ പറഞ്ഞതനുസരിച്ചാണ്‌ തിരുവനന്തപുരം പോകുന്ന‌ എയർ ഇന്ത്യ എക്സ്പ്രസ്‌ വിമാനത്തിൽ ചെന്നൈയിലേക്ക് എംബസി‌ ടിക്കറ്റ് എടുത്ത്‌ നൽകിയത്‌. ജോർജ്‌ വിമാനത്തിലേയ്ക്ക്‌ അനുഗമിച്ചു.‌ എംബസി ഉദ്യോഗസ്ഥരുടെ പിന്തുണ അഭിനന്ദിനാർഹമാണെന്ന് ശിഹാബ്‌ പറഞ്ഞു.