തണുപ്പും പൊടിക്കാറ്റും; ഗൾഫിൽ പനി ബാധിതരുടെ എണ്ണത്തിൽ വർധന

ഗൾഫ് നാടുകളിൽ കാലാവസ്ഥാ മാറ്റത്തിനൊപ്പം തണുപ്പും പൊടിക്കാറ്റും വർധിച്ചതോടെ പനി പിടിക്കുന്നവരുടെ എണ്ണത്തിൽ വർധന. കുട്ടികളുടെ കാര്യത്തിൽ ജാഗ്രത പുലർത്തണമെന്നു വിവിധ സ്കൂളുകൾ രക്ഷിതാക്കൾക്കു മുന്നറിയിപ്പു നൽകി. മുൻകരുതൽ ആവശ്യമാണെന്നു ഡോക്ടർമാരും നിർദേശിക്കുന്നു.

പനി, ചുമ, തൊണ്ട വേദന, സന്ധിവേദന, ഛര്‍ദി, വയറിളക്കം തുടങ്ങിയ ബുദ്ധിമുട്ടുകളുണ്ടെങ്കിൽ കുട്ടികൾക്ക് വിദഗ്ദ ചികിൽസ വേഗത്തിൽ ഉറപ്പാക്കണമെന്നാണ് നിർദേശം. രോഗം പൂർണമായും ഭേദമായ ശേഷം മാത്രമേ സ്കൂളുകളിലേക്കയക്കാവൂ. കാലാവസ്ഥ മാറുന്ന സാഹചര്യത്തിൽ കുട്ടികളിൽ പനിക്കു സാധ്യതയുണ്ടെന്നു ശിശുരോഗവിദഗ്ധർ വ്യക്തമാക്കുന്നു.

പനിക്കെതിരെയുള്ള വാക്സിനുകൾ കുട്ടികളും മുതിർന്നവരും എടുക്കണമെന്നാണ് ആരോഗ്യമന്ത്രാലയത്തിൻറെ നിർദേശം. പൊടിക്കാറ്റുള്ള സാഹചര്യത്തിൽ വീടിനു പുറത്തിറങ്ങുന്നത് ആരോഗ്യപ്രശ്നങ്ങളുണ്ടാക്കും. വരും ദിവസങ്ങളിൽ തണുപ്പു കൂടുമെന്നതിനാൽ കുട്ടികളുടെ ആരോഗ്യകാര്യത്തിൽ കൂടുതൽ ശ്രദ്ധയുണ്ടാകണമെന്നും ഡോക്ടർമാർ മുന്നറിയിപ്പ് നൽകുന്നു.