കുതിരയോട്ട ചാംപ്യൻഷിപ്പിൽ 'സ്വർണവാൾ' നേടി മലയാളി പെൺകൊടി; ചരിത്ര നേട്ടം

അബുദാബി എൻഡൂറൻസ്  കുതിരയോട്ട ച്യാംപ്യൻഷിപ്പിൽ ചരിത്രനേട്ടം കുറിച്ചു മലയാളി വിദ്യാർഥിനി. ടൂ സ്റ്റാർ ജൂനിയർ നൂറ്റിഇരുപതു കിലോമീറ്റർ ഷെയ്ഖ് ഹംദാൻ ബിൻ ഖലീഫ അൽ നഹ്‌യാൻ  ച്യാംപ്യൻഷിപ്പിലാണ് നിദ അൻജും എന്ന പന്ത്രണ്ടാം ക്ളാസുകാരി വിജയിയായത്. ആദ്യമായാണ് ഒരു ഇന്ത്യക്കാരി ഈ നേട്ടം സ്വന്തമാക്കുന്നത്. 

അബൂദാബി ബുത്തീബ് റേസ്കോഴ്സിൽ നടന്ന കുതിരയോട്ട മൽസരത്തിലാണ് നിദ അൻജും ചരിത്രം കുറിച്ചു സ്വർണവാൾ സ്വന്തമാക്കിയത്. ദുബായിലെ റാഫിൾസ് വേൾഡ് അക്കാദമിയിലെ വിദ്യാർഥിയായ നിദ മൂന്നു വർഷത്തെ കഠിന പരിശ്രമത്തിലൂടെയാണ് ജേതാവായത്.  മരുഭൂമിയും മലകളും അരുവിയും  തുടങ്ങി വ്യത്യസ്ത മേഖലകൾ ഉൾപ്പെടെ 120 കിലോമീറ്റർ താണ്ടുന്ന ദുർഘടമായ മൽസരത്തിലാണ് നിദ വിജയിച്ചത്. നന്നേ ചെറുപ്പത്തിൽ കുതിരകളോടു ഇഷ്ടം തോന്നിയാണ് നിദ കുതിരയോട്ടം പഠിച്ചു തുടങ്ങിയത്.

ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് അൽ റാഷിദ് മക്തൂമിന്റെ  ഉടമസഥതയിൽ മർമൂമിലെ ദുബായ് കുതിരലയത്തിലാണ് നിദയുടെ പരിശീലനം. തിരൂർ കൽപകഞ്ചേരി സ്വദേശിയായ നിദയുടെ ലക്ഷ്യം കുതിരയോട്ട രംഗത്ത് കൂടുതൽ മുന്നേറുകയെന്നതാണ്. അതിനായി പരിശീലകർക്കൊപ്പം, പിതാവും  ഗ്രാൻഡ് ഹൈപ്പർ മാർക്കറ്റ് എംഡിയുമായ ഡോ: അൻവർ അമീൻ ചേലാട്ടും മാതാര് മിന്നവും കൂടെയുണ്ട്.