ദേശീയ മേൽവിലാസ നിയമവുമായി ഖത്തർ; രജിസ്ട്രേഷൻ നിർബന്ധം

ഖത്തറിൽ ദേശീയ മേൽവിലാസ നിയമം ഉടൻ പ്രാബല്യത്തിൽ വരും. പൗരന്മാരും താമസക്കാരായ മുഴുവൻ പ്രവാസികളും മേൽവിലാസ വിവരങ്ങൾ നിർബന്ധമായും റജിസ്റ്റർ ചെയ്യണമെന്നാണ് നിർദേശം. നിയമം പ്രാബല്യത്തിലായതിനു ശേഷം റജിസ്ട്രേഷൻ തീയതി പ്രഖ്യാപിക്കും.

വ്യക്തികൾ, സ്ഥാപനങ്ങൾ, കമ്പനികൾ തുടങ്ങിയവയുടെ പൂർണമേൽവിലാസം ശേഖരിച്ചു സർക്കാരിൻറെ വികസന പദ്ധതികളുടെ ഭാഗമാക്കുന്നതിനായാണ് മേൽവിലാസ നിയമം പ്രാബല്യത്തിലാക്കുന്നത്. മെട്രാഷ് 2 വഴിയൊ മന്ത്രാലയത്തിലെ സേവനകേന്ദ്രങ്ങളിൽ നേരിട്ടെത്തിയൊ പൗരന്മാർക്കും പ്രവാസികൾക്കും മേൽവിലാസം റജിസ്റ്റർ ചെയ്യാമെന്നു ആഭ്യന്തര മന്ത്രാലയം പൊതുസുരക്ഷ വിഭാഗത്തിലെ ദേശീയ മേൽവിലാസ വിഭാഗം മേധാവി ലെഫ.കേണൽ ഡോ.അബ്ദുല്ല സയിദ് അൽ സഹ്ലി പറഞ്ഞു. 

ഔദ്യോഗിക റജിസ്‌ട്രേഷൻ നടപടികൾ ആരംഭിക്കുന്ന തീയതി തുടങ്ങി ആറു മാസത്തിനകം പൗരന്മാരും പ്രവാസികളും റജിസ്ട്രേഷൻ പൂർത്തിയാക്കണം. പ്രവാസികൾ ഖത്തറിലേയും സ്വദേശത്തേയും മേൽവിലാസം നൽകണം. നിയമം ലംഘിച്ചാൽ കുറഞ്ഞത് പതിനായിരം റിയാൽ പിഴ അടയ്ക്കേണ്ടിവരും. റജിസ്റ്റർ ചെയ്ത വിവരങ്ങൾ തെറ്റാണെന്നു തെളിഞ്ഞാലും ശിക്ഷയുണ്ടാകും.