പട്ടിണിയകറ്റാൻ പ്രാവിനെ പിടിക്കാൻ ശ്രമം; റിയാദിൽ ഇന്ത്യക്കാരൻ കിണറ്റിൽ വീണു മരിച്ചു

മരുഭൂമിയിൽ ഭാഗ്യം തേടി പോയ ഇന്ത്യാക്കാരന് ദാരുണാന്ത്യം. പട്ടിണിയകറ്റാൻ പ്രാവിനെ പിടിച്ച് കറിവെക്കാൻ ശ്രമിച്ച ഇന്ത്യക്കാരനായ ഇടയൻ കിണറ്റിൽ വീണ് മരിച്ചു. ഉത്തർപ്രദേശിലെ അസംഖഢ് സ്വദേശി യാദവ് റാം അജോറാണ് നവംബർ ആറിന് മരിച്ചത്. റിയാദ് നഗരത്തിൽ നിന്നും 350 കിലോമീറ്ററോളം ദൂരത്തുള്ള റഫായെ അൽജംഷ എന്ന സ്ഥലത്ത് ഇടയനായി ജോലി നോക്കുകയായിരുന്നു യാദവ്. കഴിഞ്ഞ പത്തുവർഷമായി ഇവിടെ ഒട്ടക്കത്തെ മേയ്ക്കലാണ് യാദവിന് ജോലി. മരുഭൂമിയിൽ എല്ലാവരെയും പോലെ ഭാഗ്യം തേടിയെത്തിയ യാദവിന് ലഭിച്ച് ആടുജീവിതത്തിന് സമാനമായ അവസ്ഥയാണ്. വെറും തുച്ഛമായ ശമ്പളമാണ് യാദവിന് നൽകിയിരുന്നത്. അതിൽ നിന്നും വീട്ടിലേക്ക് അയച്ചുകഴിഞ്ഞാൻ മിച്ചമൊന്നും കാണാത്ത അവസ്ഥയായിരുന്നു. മിക്കവാറും ഒട്ടക്കത്തിന് കൊടുക്കുന്ന റൊട്ടിയും ഒപ്പം പ്രാവിറച്ചി കറിയുമായിരുന്നു ഭക്ഷണം. 

യാദവിന്റെ താമസസ്ഥലത്തിനടുത്തുള്ള കിണറ്റിനുള്ളിൽ പ്രാവുകൾ മാളങ്ങളുണ്ടാക്കി കൂടുക്കൂട്ടാറുണ്ട്. പതിവ് പോലെ അവിടെ നിന്നും പ്രാവിനെ പിടിക്കാൻ കിണറ്റിലേക്ക് ആഞ്ഞപ്പോൾ കാൽവഴുതി വീഴുകയായിരുന്നു. രാത്രി ഏറെ വൈകിയിട്ടും ഫോൺവിളിച്ചിട്ട് കിട്ടാത്തതിനെത്തുടർന്ന് സ്പോൺസർ താമസസ്ഥലത്ത് വന്ന് നോക്കിയപ്പോൾ കിണറ്റിനടുത്ത് ചെരുപ്പ് കിടക്കുന്നത് കണ്ടു. സംശയം തോന്നി അഗ്നിശമനസേനയെ വിളിച്ചുവരുത്തി കിണർ വറ്റിച്ചാണ് മൃതദേഹം പുറത്തെടുത്തത്. അസംഗഢ്, നിസാമബാദിലെ ഷേക്പൂർ ദൗഡ് ഫരിഹ സ്വദേശിയാണ് യാദവ് റാം. ഭാര്യയും അഞ്ച് പെൺകുട്ടികളും ഒരു ആൺകുട്ടിയും അടങ്ങുന്നതാണ് കുടുംബം. മൂത്ത മകളുടെ വിവാഹം കഴിഞ്ഞു. മൃതദേഹം നാട്ടിലേക്ക് എത്തിക്കാനുള്ള ശ്രമങ്ങൾ നടക്കുന്നുണ്ടെങ്കിലും ഇൻഷുറൻസ് ക്ലെയിമിനുള്ള നടപടികൾ കഴിഞ്ഞിട്ട് മതിയെന്ന നിലപാടിലാണ് കുടുംബം. അതിനാൽ പത്തുദിവസമായി യാദവിന്റെ മൃതദേഹം ആശുപത്രിയിൽ അനാഥമായി കിടക്കുകയാണ്. വീട്ടുകാർ കൂടി സമ്മതപത്രം നൽകിയാൽ മാത്രമേ മൃതദേഹം നാട്ടിലെത്തിക്കാൻ സാധിക്കൂ.