അരാംകോ ഓഹരിവിൽപനയ്ക്കു തയ്യാറാകുന്നു; രണ്ടു ശതമാനം ഓഹരിക്ക് ഇരുപതു ബില്യണ്‍ ഡോളർ

സൗദി അറേബ്യയുടെ ദേശീയ എണ്ണകമ്പനി അരാംകോ ഓഹരിവിൽപനയ്ക്കു തയ്യാറാകുന്നു. ഈ മാസം ഒൻപതിനാണ് പ്രഥമ ഓഹരി വിൽപ്പന. ലോകത്തിലെ ഏറ്റവും ലാഭമുള്ള കമ്പനിയുടെ രണ്ടു ശതമാനം ഓഹരിക്ക് ഇരുപതു ബില്യണ്‍ ഡോളറാണ് മൂല്യം. 

ലോകത്തിലെ എറ്റവും വലിയ എണ്ണക്കമ്പനിയായ സൌദി അരാംകൊ ഓഹരിവിപണിയിൽ ലിസ്റ്റ് ചെയ്യപ്പെടുകയാണ്. പ്രഥമ ഓഹരി വിറ്റഴിക്കലിന് സൌദി ക്യാപിറ്റല്‍ മാര്‍ക്കറ്റ് അംഗീകാരം നല്‍കിയതായി ദഹ്റാനില്‍ വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തില്‍ സൌദി അരാംകൊ സിഇഒ അമി.എച്ച്.നാസര്‍ അറിയിച്ചു. അരാംകോയുടെ അഞ്ച് ശതമാനം ഓഹരിയാണ്  വിപണിയില്‍ ലഭിക്കുക. ആഭ്യന്തര ഓഹരി വിപണിയായ തദവ്വുലില്‍  ഈ വർഷം അവസാനത്തോടെ ഒരു ശതമാനവും അടുത്തവർഷം അവസാനത്തോടെ രണ്ടു ശതമാനവും ഓഹരി വിൽപ്പനയ്ക്കു വയ്ക്കും. അടുത്ത രണ്ടു വർഷങ്ങളിലായി മൂന്നു ശതമാനം ഓഹരി വിദേശകമ്പനികൾക്കു വാങ്ങാൻ അവസരം നൽകും. ഇതിലൂടെ 4000 കോടി ഡോളര്‍ സമാഹരിക്കുകയാണ് ലക്ഷ്യം.  ഇതിനു മുന്നോടിയായി കമ്പനിയുടെ പ്രോസ്പെക്ടസ് അരാംകൊ വെബ്സൈറ്റില്‍ പുറത്തിറക്കി. ഈ വര്‍ഷം ആദ്യ 9 മാസത്തെ കണക്കനുസരിച്ച് 6800 കോടി ഡോളര്‍ ലാഭമുണ്ടായ കമ്പനിയുടെ ഓഹരി, സൌദി സ്റ്റോക്ക് എക്സ്ചേഞ്ചുവഴി ആദ്യമായാണ് പൊതുജനങ്ങള്‍ക്ക് ലഭ്യമാകുന്നത്. സൌദി അരാംകോയുടെ ഓഹരി വിൽപ്പന നടത്തുമെന്നു മൂന്നു വർഷം മുൻപാണ് സൌദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ പ്രഖ്യാപിച്ചത്. ലോകത്തിലെ ഏറ്റവും മൂല്യമുള്ളതും ലാഭമുണ്ടാക്കുന്നതുമായ കമ്പനിയുടെ ഓഹരി സ്വന്തമാക്കുന്നതിനുവേണ്ടി നിക്ഷേപകര്‍ തയ്യാറെടുത്തുവരികെയാണ് തീരുമാനം പ്രഖ്യാപിച്ചത്.