അബുദാബിയിൽ സംഗീതവിരുന്ന്; കാഴ്ചയുടെ പരിമിതികളെ മറികടന്ന് ഇന്ത്യൻ കലാകാരൻമാർ

അബുദാബിയിൽ, കാഴ്ചയുടെ പരിമിതികളെ മറികടന്നു സംഗീതപരിപാടിയുമായി ഇന്ത്യയിൽ നിന്നെത്തിയ കലാകാരൻമാർ. ദീപാവലി ആഘോഷത്തിൻറെ ഭാഗമായാണ് അന്ധരായ പതിനഞ്ചു കലാകാരൻമാർ പ്രവാസലോകത്തു സംഗീതവിരുന്നൊരുക്കിയത്.

അന്ധതയുടെ ഇരുട്ടിനെ സംഗീതത്തിൻറെ പ്രകാശം കൊണ്ടു തോൽപ്പിച്ചായിരുന്നു അബുദാബിയിലെ ദീപാവലി ആഘോഷം. ബോളിവുഡ് സിനിമാ ഗാനങ്ങൾ കോർത്തിണക്കിയ മൂന്നു മണിക്കൂർ നീണ്ട സംഗീത വിരുന്ന് അവതരിപ്പിച്ചവരെല്ലാം കാഴ്ചയുടെ പരിമിതികളുള്ളവർ. 

കലാകാരന്മാരുടെ ഉന്നമനത്തിനായി  പ്രവർത്തിക്കുന്ന നാഷണൽ ഓർഗനൈസെഷൻ ഓഫ് ഡിസേബിൽസിലെ സംഗീതസംഘം അകക്കണ്ണിൻറെ വെളിച്ചത്തിൽ സംഗീതവിസ്മയം തീർത്തു. ഇൻസ്റ്റിട്യൂട്ട് ഓഫ് ചാർട്ടേഡ് അക്കൌണ്ട്സ് ഓഫ് ഇന്ത്യ അബുദാബി ചാപ്റ്റർ സംഘടിപ്പിച്ച പത്താമത് ദീപാവലി ആഘോഷത്തിൽ പങ്കെടുക്കാനായാണ് കലാകാരൻമാർ കടൽകടന്നു ഇവിടെയെത്തിയത്. 

ഇന്ത്യൻ എംബസ്സി ഡെപ്യുട്ടി ചീഫ് ഓഫ് മിഷൻ സ്മിത പന്ത് മുഖ്യാതിഥി ആയിരുന്നു. ഇന്ത്യക്കാരടക്കം ആയിരക്കണക്കിനു പ്രവാസികളാണ് പരിപാടി കാണാനെത്തിയത്.