ടോൾ സംവിധാനം പുതുവർഷം മുതൽ; ഇളവുമായി അബുദാബി

അബുദാബിയിലെ നാലു പ്രധാനയിടങ്ങളിൽ ടോൾ സംവിധാനം പ്രഖ്യാപിച്ചിരുന്നു. പതിനഞ്ചാം തീയതി മുതൽ ടോൾ നിലവിൽ വരുമെന്നായിരുന്നു ആദ്യ പ്രഖ്യാപനമെങ്കിലും ഈ വർഷം അവസാനം വരെ അത് പരീക്ഷണാടിസ്ഥാനത്തിലാക്കി. റജിസ്ട്രേഷൻ നടപടികൾ എത്രയും പെട്ടെന്നു തീർക്കണമെന്നാണ് നിർദേശം.

അബുദാബിയിലെ ഷെയ്ഖ് സായിദ്, ഷെയ്ഖ് ഖലീഫ ബിൻ സായിദ്, അൽ മക്ത, മുസഫ പാലങ്ങളിലാണ്  ടോൾ ഗേറ്റുകൾ നിലവിൽ വരുന്നത്. ശനിയാഴ്ച മുതൽ വ്യാഴാഴ്ച വരെ രാവിലെ ഏഴു മുതൽ ഒൻപതു മണി വരെയും വൈകിട്ട് അഞ്ചു മുതൽ ഏഴു മണി വരെയും നാലു ദിർഹമായിരിക്കും നിരക്ക്.  വെള്ളിയാഴ്ചയും പൊതുഅവധി ദിവസങ്ങളിലും തിരക്കില്ലാത്ത സമയങ്ങളിലും രണ്ടു ദിർഹമാണ് ടോൾ നിരക്ക്.  ഒരു ദിവസം ഈടാക്കുന്ന പരമാവധി തുക 16 ദിർഹമായിരിക്കും. ഗതാഗതക്കുരുക്കും പരിസ്ഥിതി മലിനീകരണവും കുറയ്ക്കുന്നതോടൊപ്പം പൊതുഗതാഗത സംവിധാനം ഉപയോഗപ്പെടുത്താൻ ജനങ്ങളെ പ്രോത്സാഹിപ്പിക്കുകയാണ് ഉദ്ദേശമെന്ന് ഗതാഗത വകുപ്പ് വ്യക്തമാക്കുന്നു.

അബുദാബിയില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള വാഹനങ്ങളുടെ  നമ്പർ പ്ളേറ്റുകളുമായി ബന്ധപ്പെടുത്തി ടോള്‍ അക്കൗണ്ടുകള്‍ ഓട്ടോമാറ്റിക് ആയി സജ്ജീകരിക്കപ്പെടുന്നുണ്ട്. ഇതിന്റെ യൂസര്‍നെയിമും പാസ്‍വേഡും അറിയിച്ചുകൊണ്ടുള്ള എസ്എംഎസ് വാഹന ഉടമകള്‍ക്ക് ലഭിക്കും. അതു ബാങ്ക് അക്കൌണ്ടുമായി ബന്ധിപ്പിക്കാം. മറ്റു എമിറേറ്റ്സിലുള്ളവർ ഓൺലൈൻ വഴി റജിസ്റ്റർ ചെയ്യണം.  https://itps.itc.gov.ae വെബ്സൈറ്റിലൂടെ ആണ് വാഹനങ്ങൾ റജിസ്റ്റർ ചെയ്യേണ്ടത്. എമിറേറ്റ് ഐഡി നമ്പർ,  വാഹനത്തിന്‍റെ പ്ലേറ്റ് നമ്പർ, റജിസ്റ്റർ ചെയ്ത എമിറേറ്റ്, ഇമെയിൽ ഐഡി, മൊബൈൽ നമ്പർ, പാസ്വേർഡ് എന്നീ വിവരങ്ങൾ നൽകി അക്കൗണ്ട് തുടങ്ങണം. ലഭിക്കുന്ന യൂസർ ഐഡിയും ഒടിപിയും ഉപയോഗിച്ച് ലോഗിൻ ചെയ്ത് ക്രെഡിറ്റ് കാർഡ്  അല്ലെങ്കിൽ ബാങ്ക് അക്കൗണ്ട് വിവരങ്ങൾ ചേർക്കാവുന്നതാണ്. 

ദിവസേന ഒന്നിലേറെ തവണ ടോൾ ഗേറ്റ് കടക്കുന്നവർക്ക് ആശ്വാസമായി പ്രത്യേകപദ്ധതി പ്രഖ്യാപിച്ചിട്ടുണ്ട്. ഒരാളുടെയോ സ്ഥാപനത്തിന്‍റെയോ പേരിൽ റജിസ്റ്റർ ചെയ്ത ആദ്യ വാഹനത്തിന് 200 ദിർഹമാണ് ഒരു മാസത്തെ ടോൾ ഫീസ്. രണ്ടാമത്തെ വാഹനത്തിന് 150 ദിർഹമും മൂന്നാമത്തെ വാഹനത്തിന് 100 ദിർഹമും നൽകിയാൽ മതി. സാധാരണ ഗതിയിൽ ഒരു ദിവസം ഈടാക്കുന്ന പരമാവധി 16 ദിർഹമാണ്. ഇതനുസരിച്ച് മാസത്തിൽ 480 ദിർഹം അടയ്ക്കുന്നതിന് പകരമാണ് എത്ര തവണ കടന്നാലും 200 ദിർഹം നൽകിയാൽ മതിയെന്ന് അധികൃതർ പ്രഖ്യാപിച്ചത്. ടോൾ വരുമ്പോൾ അധിക ചെലവു വരുന്നവർക്ക് ഈ പാക്കേജ് പ്രയോജനപ്പെടുത്താവുന്നതാണ്. 

ആംബുലൻസ്, സായുധ സേനാവാഹനങ്ങൾ, അഗ്നിശമനസേന, അബുദാബി പൊലീസ്, ആഭ്യന്തര മന്ത്രാലയം, ഇതര എമിറേറ്റ് പൊലീസ്, എന്നിവയുടെ മുദ്രയും നമ്പർ പ്ലേറ്റുമുള്ള വാഹനങ്ങൾ, ഇലക്ട്രിക് വാഹനങ്ങൾ, പൊതുഗതാഗത സേവന ബസ്, മോട്ടോർ സൈക്കിൾ, അബുദാബിയിൽ റജിസ്റ്റർ ചെയ്ത ടാക്സി, ഗതാഗത വിഭാഗത്തിൽ റജിസ്റ്റർ സ്കൂൾ ബസ്, 26ഉം അതിൽകൂടുതലും ആളുകൾ സഞ്ചരിക്കുന്ന ബസ്, ട്രെയ്‌ലർ എന്നിവയെ റോഡ് ചുങ്കത്തിൽനിന്ന് ഒഴിവാക്കിയിട്ടുണ്ട്. 

ജനങ്ങളുടെ യാത്ര എളുപ്പമാക്കാൻ കൂടുതൽ ബസുകൾ നിരത്തിലിറക്കി പൊതുഗതാഗത സേവനം വിപുലപ്പെടുത്തുകയും കാർപൂളിങിനു അനുമതി നൽകുകയും ചെയ്തിട്ടുണ്ട്. www.darb.ae/carpooling വെബ്സൈറ്റ് വഴി സൗജന്യമായി റജിസ്റ്റർ ചെയ്യാം. ഒരേ സ്ഥലത്തേക്കോ ഓഫിസിലേക്കോ വ്യത്യസ്ത സ്വകാര്യ വാഹനങ്ങളിൽ പോകുന്നവർക്ക് ഒരു വാഹനത്തിൽ ഒന്നിച്ച് പോകുന്നതാണു കാർ പൂളിങ്. അതേസമയം, ജനുവരി ഒന്നുവരെ കാത്തുനിൽക്കാതെ ടോൾ റജിസ്ട്രേഷൻ നടപടികൾ എത്രയും വേഗം പൂർത്തിയാക്കണമെന്നാണ് ഗതാഗത വകുപ്പിൻറെ നിർദേശം. റജിസ്റ്റർ ചെയ്യാതെ ടോൾ വഴി കടന്നുപോകുന്നവർ പിഴ ഒടുക്കേണ്ടി വരും.