പ്രവാസലോകത്തെ കുരുന്നുകൾക്കായി മലയാള മനോരമയുടെ വിദ്യാരംഭം

പ്രവാസലോകത്തെ കുരുന്നുകൾക്കായി മലയാള മനോരമയുടെ നേതൃത്വത്തിൽ വിദ്യാരംഭ ചടങ്ങു സംഘടിപ്പിച്ചു. ദുബായ് ഇന്ത്യൻ കോൺസുലേറ്റുമായി സഹകരിച്ചായിരുന്നു ഇത്തവണത്തെ വിദ്യാരംഭം ചടങ്ങ്. വിവിധ എമിറേറ്റുകളിലെ നൂറ്റിപതിനാറ് കുരുന്നുകൾ ആദ്യാക്ഷരം കുറിച്ചു.

ലോകത്തെവിടെയായാലും നാടിൻറെ സംസ്കാരവും നന്മയും  നഷ്ടപ്പെടാതിരിക്കട്ടെയെന്ന ഓർമപ്പെടുത്തലോടെയാണ് ദുബായിൽ മലയാള മനോരമയുടെ നേതൃത്വത്തിൽ വിദ്യാരംഭ ചടങ്ങ് സംഘടിപ്പിച്ചത്. സാഹിത്യകാരൻ സേതു, എം.ജി സർവകലാശാല മുൻ പ്രോ വൈസ് ചാൻസിലർ ഡോ.ഷീന ഷുക്കൂർ, മലയാള മനോരമ സീനിയർ അസോഷ്യേറ്റ് എഡിറ്ററും സാഹിത്യകാരനുമായ ജോസ് പനച്ചിപ്പുറം എന്നിവരാണ് പ്രവാസികളായ കുരുന്നുകളെ അക്ഷരലോകത്തേക്ക് ക്ഷണിച്ചത്. ദുബായ് ഇന്ത്യൻ കോൺസുൽ ജനറൽ വിപുൽ മുഖ്യാതിഥിയായി.

രാവിലെ അറരയോടെ ബർദുബായ് ഇന്ത്യൻ കോൺസുലേറ്റ് ഹാളിൽ  തുടങ്ങിയ ചടങ്ങിലേക്കു കുരുന്നുകളുമായി ബന്ധുക്കളുൾപ്പെടെയുള്ളവർ ആഘോഷമായെത്തി. യുഎഇയിലെ എല്ലാ എമിറേറ്റ്സുകളിൽ നിന്നും ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളിൽ നിന്നുമുള്ള കുരുന്നുകൾ വിദ്യാരംഭത്തിൻറെ ഭാഗമായി.  ആദ്യാക്ഷരത്തിൻറെ നന്മയ്ക്കൊപ്പം കൈനിറയെ സമ്മാനങ്ങളുമായാണ് കുരുന്നുകൾ മടങ്ങിയത്.