10 കോടി തട്ടിയെടുത്ത് മലയാളി മുങ്ങി; മുഖ്യമന്ത്രിക്ക് സങ്കടഹർജിയുമായി അറബി

arabi-06
SHARE

ദുബായിൽ അറബിയിൽ നിന്ന് 10 കോടിയിലേറെ രൂപ തട്ടിയെടുത്ത് മലയാളി മുങ്ങിയെന്ന് പരാതി. തൃശൂർ പീച്ചി സ്വദേശി ജാവേസ് മാത്യു(36)വിനെതിരെയാണ് ആരോപണം. യുഎഇ സ്വദേശി ജമാൽ സാലെം ഹുസൈൻ(43) ആണ് ജാവേസിനെതിരെ പരാതി നൽകിയത്.

ബിസിനസ് തുടങ്ങിയ ശേഷം പല കള്ളങ്ങളും പറഞ്ഞ് പണം കൈപ്പറ്റി വ്യാജ പാസ്പോർട്ട് സംഘടിപ്പിച്ചാണ് ജാവേസ് മുങ്ങിയതെന്ന് പരാതിയിൽ പറയുന്നത്. യുഎഇയിൽ തട്ടിക്കൊണ്ടുപോയി പണം കവർച്ചയടക്കം 16 കേസുകൾ ജാവേസിന്റെ പേരിലുണ്ട്. ഒമാൻ വഴിയാണ് ഇയാൾ ഇന്ത്യയിലെത്തിയത്. ജോലിയും ശമ്പളവുമില്ലാതെ താനും ഭാര്യയും ആറ് മക്കളുമടങ്ങുന്ന കുടുംബം ദുരിതത്തിലാണെന്ന് പരാതിയിൽ പറയുന്നു. 

2015ൽ അബുദാബിയില്‍ ജോലി ചെയ്യുമ്പോൾ മലയാളി സുഹൃത്തായ രാകേഷാണ് ജാവേസിനെ  ജമാൽ സാലെയ്ക്ക് പരിചയപ്പെടുത്തുന്നത്. അന്ന് ചെക്ക് കേസിൽപ്പെട്ടിരുന്ന ജാവേസിനെ അതിൽ രക്ഷപ്പെടുത്താൻ ജമാൽ സഹായിച്ചതോടെ ഇരുവരും വലിയ സൗഹൃദത്തിലായി. താൻ വലിയ പ്രയാസത്തിലാണെന്നും എന്നാൽ ബിസിനസിൽ വലിയ അവഗാഹമുള്ളയാണെന്നും പറഞ്ഞ് പിന്നാലെ കൂടിയ ജാവേസ് സൗഹൃദം മുതലെടുക്കുകയായിരുന്നു. ഒരു വർഷത്തോളം ഇതേ കാര്യം പറഞ്ഞ് പിന്നാലെ നടന്നു. ബിസിനസ് രംഗത്ത് അത്ര പരിചയമില്ലാതിരുന്ന ജമാലിന് അത്തരം മോഹം ഉണ്ടായതോടെ വലിയ തട്ടിപ്പിന് ആദ്യമായി തലവച്ചുകൊടുത്തു. ജാവേസിനെ പൂർണമായി വിശ്വസിച്ച ജമാലിന്റെ സ്പോൺസർഷിപ്പിൽ ദുബായ് ഖിസൈസിൽ എെഡിയസ് എന്ന പേരിൽ പ്രിൻ്റിങ് കമ്പനി ആരംഭിച്ചു. 

ബിസിനസ് പച്ച പിടിച്ചതോടെ കൂടുതൽ വികസിപ്പിക്കാനായി നൂതന സാമഗ്രികൾ ആവശ്യപ്പെട്ടതിനനുസരിച്ച് അതിനും ജമാൽ വൻ തുക യാതൊരു മടിയും കൂടാതെ നൽകി. . ജാവേസിന്റെ ഭാര്യ ശില്പ ജമാലിന്റെ ഭാര്യയോടും പണം വാങ്ങിച്ചുകൊണ്ടിരുന്നു.  ആകെ 55 ലക്ഷം ദിർഹമാണ് ഇരുവരും നൽകിയത്. 

സംശയം തോന്നിയ ജമാൽ ജാവേസിന്റെ യാത്രാ രേഖകൾ പരിശോധിച്ചപ്പോഴാണ് അയാൾ 16 കേസുകളിലെ പ്രതിയാണെന്നും യാത്രാ വിലക്കുള്ളതിനാൽ രാജ്യം വിട്ടുപോകാൻ സാധിക്കില്ലെന്നും ഞെട്ടലോടെ തിരിച്ചറിഞ്ഞത്.  യഥാർഥ പാസ്പോർട് ദുബായ് കോടതിയിലിരിക്കെ ദുരൈ സ്വാമി ധർമലിംഗം എന്ന പേരിൽ തമിഴ് നാട്ടിലെ മേൽവിലാസത്തിൽ വ്യാജ പാസ്പോർട്ട് ഉണ്ടാക്കി ഒമാൻ വഴിയാണ് ഇയാൾ ഇന്ത്യയിലേയ്ക്ക് മുങ്ങിയതെന്നും മനസിലായി.

MORE IN GULF
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Loading...
Loading...