ബഹിരാകാശത്തുനിന്ന് മക്കയുടെയും യുഎഇയുടെയും ചിത്രം; പങ്കുവച്ച് ഹസ്സ; ഹൃദ്യം

ഹൃദ്യമായ ചിത്രം പങ്കുവച്ചിരിക്കുകയാണ് യുഎഇയുടെ ആദ്യ ബഹിരാകാശ സഞ്ചാരി ഹസ്സ അന്‍ മന്‍സൂരി. ബഹിരാകാശത്തുനിന്ന് മക്കയുടെയും യുഎഇയുടെയും വിവിധ ദൃശ്യങ്ങളാണ് അദ്ദേഹം സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചിരിക്കുന്നത്. ചിത്രം ഇതിനോടകം വൈറലായി കഴിഞ്ഞു. 'ഏറ്റവും സന്തോഷവാനായ ബഹിരാകാശ സഞ്ചാരിയില്‍ നിന്ന് ഏറ്റവും സന്തോഷകരമായ രാജ്യത്തിലേക്ക്. ഇത് ചരിത്രമാണ്. ഇതാണ് ബഹിരാകാശത്തുനിന്നുള്ള യുഎഇ'. യുഎഇയുടെ ചിത്രം പങ്കുവച്ചുകൊണ്ട് അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു. 

അറബ് വേഷമണിഞ്ഞ് ഹസ്സാ അൽ മൻസൂരി. ദുബായ് മീഡിയ ഓഫീസാണ് സഹ സഞ്ചാരികൾക്കൊപ്പം കൻദൂറ ധരിച്ച് പുഞ്ചിരിച്ച് നിൽക്കുന്ന ഹസ്സായുടെ പടം പുറത്ത് വിട്ടിരുന്നു.

ദുബായ് മുഹമ്മദ്ബ്ൻ റാഷിദ് സ്പേയസ് സെന്ററിൽ ഒത്തുകൂടിയ വിദ്യാർഥികളോട് ഹസ്സായും ബഹിരാകാശാനുഭവങ്ങൾ പങ്കുവച്ചു. ബഹിരാകാശം നിലയം തൊട്ട ആദ്യ ദിവസം ഹസ്സായുടെ ശരീരത്തിലും മാറ്റങ്ങളുണ്ടായി. ആദ്യ മണിക്കൂറുകളിൽ ഛർദിക്കാനുള്ള പ്രചോദനമുണ്ടായി. കുറച്ച് കഴിഞ്ഞപ്പോൾ അതു മാറി ശരീരം നിലയവുമായി സമരസപ്പെട്ടു. കാൽപാദം മുതൽ തലവരെയുള്ള രക്തപ്രവാഹത്തിന്റെ തോതു കൂടിയതിനാൽ തലയുടെ ഭാരം വർധിച്ച അവസ്ഥയായി.

ബഹിരാകാശ നിലയത്തിലെ ഓരോ രാജ്യങ്ങളുടെയും വിഭാഗങ്ങളും സന്ദർശിക്കുമ്പോൾ ഹസ്സായ്ക്ക് അവാച്യമായ അനുഭവമാണ്. ഓരോന്നും ശാസ്ത്രത്തിന്റെ നവ്യാനുഭൂതി പ്രദാനം ചെയ്തു. ഭൂമിയുമായി താരതമ്യം ചെയ്യുമ്പോൾ ബഹിരാകാശത്ത് വാസനയുടെ സ്വഭാവത്തിലും മാറ്റമുണ്ട്. ഖര വസ്തു കരിഞ്ഞ ഒരു മണമാണ് അനുഭവവേദ്യമാകുന്നതെന്ന് ഒരു വിദ്യാർഥിയുടെ സംശയത്തിനു മറുപടിയായി ഹസ്സാ പറഞ്ഞു.