മഹാത്മാവിന് ആദരമൊരുക്കി പ്രവാസികൾ; ഗാന്ധിയുടെ ചിത്രം തെളിച്ച് ബുർജ് ഖലീഫയും

രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ നൂറ്റിഅൻപതാം ജന്മവാർഷികത്തിൽ ആദരവർപ്പിച്ച് ഗൾഫിലെ പ്രവാസി ഇന്ത്യക്കാർ.  ഗാന്ധിജയന്തിയോടനുബന്ധിച്ചു സാംസ്കാരിക പരിപാടികളും പുഷ്പാർച്ചനയും സംഘടിപ്പിച്ചു. ഗൾഫ് രാജ്യങ്ങളിലെ ഇന്ത്യൻ എംബസികളുടെ നേതൃത്വത്തിലായിരുന്നു പരിപാടികൾ. 

മഹാത്മാ ഗാന്ധിയുടെ നൂറ്റിഅൻപതാം ജന്മവാർഷിക ആഘോഷങ്ങളുടെ ഭാഗമായി ദുബായിൽ സംഘടിപ്പിച്ച സമൂഹ നടത്തത്തിൽ ആയിരക്കണക്കിന് പേർ പങ്കെടുത്തു. "സമാധാനത്തിനും, സഹിഷ്ണുതക്കുമായുള്ള സമൂഹ നടത്തം" എന്ന പേരിൽ ദുബായ് ഇന്ത്യൻ കോൺസുലേറ്റിൻറെ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. അബുദാബി ഇന്ത്യൻ സ്ഥാനപതി കാര്യാലയത്തിലെ ഗാന്ധി പ്രതിമയിൽ സ്ഥാനപതി നവ്ദീപ് സിങ് സൂരിയും നയതന്ത്ര ഉദ്യോഗസ്ഥരും പുഷ്പാർച്ചന നടത്തി. 

റിയാദിലെ ഇന്ത്യൻ എംബസിയുടെ നേതൃത്വത്തിൽ സാംസ്കാരിക പരിപാടികളും ഗാന്ധി ക്വിസ് മൽസരവും ചിത്രപ്രദർശനവും സംഘടിപ്പിച്ചു. അബുദാബി സെന്റ് ജോസഫ് സ്‌കൂളിലെ വിദ്യാർത്ഥികൾ  സൗരോർജ വിളക്കുകൾ നിർമ്മിച്ചുകൊണ്ട് ഊർജ ഉപഭോഗം സുസ്ഥിരമാക്കുക എന്ന പരിപാടി സംഘടിപ്പിച്ചു. ലോകത്തിലെ ഏറ്റവും ഉയരമേറിയ കെട്ടിടമായ ബുർജ് ഖലീഫയിൽ മഹാത്മാ ഗാന്ധിക്ക് ആദരവർപ്പിച്ച് ചിത്രം തെളിഞ്ഞു. ഗാന്ധിയുടെ പ്രിയപ്പെട്ട കീർത്തനമായ വൈഷ്ണവ ജനതോ സംഗീതത്തിൻറെ അകമ്പടിയോടെയായിരുന്നു ദേശീയപതാകയും ഗാന്ധി സൂക്തങ്ങളും ചിത്രങ്ങളും അവതരിപ്പിച്ചത്.