ദേഹത്തു തുപ്പുകയോ തുമ്മുകയോ ചെയ്താല്‍ പോക്കറ്റടി; മുന്നറിയിപ്പുമായി ഷാര്‍ജ പൊലീസ്

ആരെങ്കിലും ദേഹത്തു തുപ്പുകയോ തുമ്മുകയോ ചെയ്താൽ പോക്കറ്റടിയുടെ സൂചനയായി കാണണമെന്ന മുന്നറിയിപ്പുമായി ഷാർജ പൊലീസ്. തിരക്കുള്ള സ്ഥലങ്ങളിൽ റോഡിനു കുറുകെ കടക്കുമ്പോഴും മറ്റുമാണിത്. ഇര പകച്ചുനിൽക്കുമ്പോൾ പോക്കറ്റടി സംഘത്തിലെ ഒരാൾ പോക്കറ്റിൽ നിന്നു പഴ്സ് എടുത്തു ഓടി രക്ഷപ്പെടുന്നു. ഇത്തരം സംഭവങ്ങൾ ശ്രദ്ധയിൽ പെട്ടതിനെ തുടർന്ന് പൊലീസ് പോസ്റ്റർ പുറത്തിറക്കി ബോധവൽക്കരണത്തിനു തുടക്കം കുറിച്ചു. 

തിരക്കേറിയ തെരുവുകളിലും വ്യാപാര സ്ഥലങ്ങളിലുമെല്ലാം ഇത്തരം തട്ടിപ്പുകാർ ഉണ്ടാകാൻ സാധ്യതയുള്ളതിനാൽ പൊലീസ് നിരീക്ഷണം ഏർപ്പെടുത്തിയിട്ടുണ്ട്. ബാങ്കിൽ നിന്നും ഇതര ധനവിനിമയ സ്ഥാപനങ്ങളിൽ നിന്നും പണവുമായി പോകുന്നവർ കൂടുതൽ ജാഗ്രത പാലിക്കണം. വേണ്ടത്ര സുരക്ഷയില്ലാതെ കൂടുതൽ തുകയുമായി യാത്ര ചെയ്യരുതെന്നും നിർദേശിച്ചു.  

ദുബായിലും സമാനമായ സംഭവങ്ങൾ അരങ്ങേറിയിരുന്നു. ഇതുമായി ബന്ധപ്പെട്ട് ഏതാനും ആഫ്രിക്കൻ വംശജർ പിടിയിലായിരുന്നു. 

കരുതിക്കൂട്ടി ഇരയുടെ നേരെ തുപ്പുകയാണ് ആദ്യം  ചെയ്യുക. അബദ്ധത്തിൽ സംഭവിച്ചതാണെന്നു തോന്നിപ്പിക്കും വിധം ക്ഷമാപണം നടത്താൻ ഒരാൾ അരികിലെത്തുന്നതിനിടെ രണ്ടാമൻ പണമോ പഴ്‌സോ കൈക്കലാക്കി ഓടും. തിരക്കിനിടെ ഇര നിസ്സഹായനാകുന്നതാണു തട്ടിപ്പുകാരുടെ വിജയം.