അച്ഛൻ സൂപ്പർമാൻ; രക്ഷിക്കാൻ വരുമെന്ന് കുഞ്ഞ്; 10 ദിവസമായി കാത്ത് ദുബായ് പൊലീസ്

പത്തു ദിവസമായിട്ടും ആ അഞ്ചുവയസ്സുകാരനെ തേടി ആരുമെത്തിയില്ല. രക്ഷിതാക്കളെ കണ്ടെത്താൻ പൊതുസമൂഹത്തിന്റെ സഹായം തേടി ദുബായ് പൊലീസ്. പത്തുദിവസം മുൻപാണ് ദുബായിലെ ഷോപ്പിങ്ങ് മാളിൽ അലഞ്ഞുതിരിഞ്ഞു നടക്കുന്ന അഞ്ചുവയസ്സുകാരനെ പൊലീസ് കണ്ടെത്തുന്നത്. കണ്ടാൽ ഇന്ത്യൻ വംശജനായ കുഞ്ഞ് ഇംഗ്ലീഷ് മാത്രമാണ് സംസാരിക്കുന്നത്.

മാതാപിതാക്കളെക്കുറിച്ച് ചോദിച്ചപ്പോൾ അച്ഛൻ സൂപ്പർമാൻ ആണെന്നായിരുന്നു കുഞ്ഞിന്റെ മറുപടി. അതിനപ്പുറത്തേക്ക് മാതാപിതാക്കളെക്കുറിച്ച് അവന് യാതൊരു അറിവുമില്ല. കുഞ്ഞിന്റെ രക്ഷിതാക്കൾ മനപൂർവ്വം ഉപേക്ഷിച്ചതാകാമെന്നാണ് പൊലീസിന്റെ കണക്ക് കൂട്ടൽ. കുട്ടിയെ ഈ വിധം പറഞ്ഞുപഠിപ്പിച്ചതായിരിക്കാമെന്നാണ് പൊലീസ് പറയുന്നത്. അല്ലെങ്കിൽ മാതാപിതാക്കളുടെ പേരുപോലും അറിയാതിരിക്കുന്നതിൽ ദുരൂഹതയുണ്ടെന്ന് പൊലീസ് സംശയിക്കുന്നത്. 

സെപ്റ്റംബർ ഏഴിനാണ് ദേരയിലെ അൽ റീഫ് ഷോപ്പിങ് മാളിന് സമീപം അലഞ്ഞുതിരിഞ്ഞിരുന്ന കുട്ടിയെ ഒരു ഫിലിപ്പീൻ സ്വദേശി കണ്ടെത്തി അൽ മുറഖബ പോലീസിൽ ഏൽപ്പിക്കുന്നത്. കുട്ടിക്ക് നിലവിൽ ആരോഗ്യപ്രശ്നങ്ങളൊന്നുമില്ലെന്നും രക്ഷിതാക്കൾ പോലീസുമായി ബന്ധപ്പെടാൻ തങ്ങൾ കാത്തിരിക്കുകയാണെന്നും അൽ മുറഖബ പൊലീസ് സ്റ്റേഷൻ ഡയറക്ടർ ബ്രിഗേഡിയർ അലി അഹ്മദ് അബ്ദുല്ല പറഞ്ഞു. കുട്ടിയെയോ കുടുംബത്തെയോ പരിചയമുള്ളവർ പോലീസുമായി ബന്ധപ്പെട്ട് വിവരം നൽകണമെന്നും പൊലീസ് അഭ്യർഥിച്ചിട്ടുണ്ട്. 901-ലോ 055526604-ലോ വിളിക്കുകയോ അൽ മുറഖബ പോലീസ് സ്റ്റേഷനിൽ നേരിട്ട് ബന്ധപ്പെടുകയോ ചെയ്യാം. 

അൽ മുറാഖാബത്ത് പോലീസ് സ്റ്റേഷനിലെ വനിതാ ഉദ്യോഗസ്ഥരാണ് കുട്ടിയെ ഇപ്പോൾ പരിപാലിക്കുന്നത്. രക്ഷിതാക്കൾ തേടിയെത്താൻ ഇനിയും സമയമെടുക്കുകയാണെങ്കിൽ കുഞ്ഞിനെ സാമൂഹികക്ഷേമ സ്ഥാപനത്തിലേക്കോ, താത്കാലികമായി വളർത്താൻ തയ്യാറായി മുന്നോട്ടുവരുന്നവർക്കോ കൈമാറാനാണ് പോലീസ് തീരുമാനം. കുട്ടികൾക്ക് അപകടമുണ്ടാക്കുന്നവിധം ഉപേക്ഷിച്ചുപോകുന്നവർക്ക് തടവുശിക്ഷയോ 5,000 ദിർഹത്തിൽ കുറയാത്ത പിഴയോ ആണ് ദുബായിൽ ശിക്ഷ.