അബുദാബിയിൽ ഗതാഗതനിയമം ലംഘിച്ചാൽ 1000 ദിർഹം പിഴ; 10 ബ്ലാക്ക് പോയന്റ്

അബുദാബിയിൽ റോഡ് സുരക്ഷ ഉറപ്പാക്കാൻ  പ്രത്യേക ബോധവൽക്കരണ പരിപാടിയുമായി പൊലീസ്. റോഡ് സുരക്ഷിതമാക്കൂ എന്ന പ്രമേയത്തിലാണ്  പ്രചരണത്തിന് തുടക്കം കുറിച്ചത്.  സ്കൂൾ ബസുകളിൽ സുരക്ഷ ഉറപ്പാക്കുന്ന പദ്ധതിയും അബുദാബി പൊലീസ് പ്രഖ്യാപിച്ചു.

ഒരു വർഷം നീളുന്ന റോഡ് സുരക്ഷാ പ്രചരണത്തിനാണ് തുടക്കമായത്. അബുദാബി എമിറേറ്റിലെ മാളുകളും  സിനിമാശാലകളും  അടക്കമുള്ള സ്ഥലങ്ങളിൽ  ലഘുലേഘകൾ വിതരണം ചെയ്താകും ബോധവൽക്കരണം  നടത്തുകയെന്ന് പോലീസ് വ്യക്തമാക്കി. സ്കൂൾ ബസുകളിൽ നിന്ന് കുട്ടികൾ കയറുമ്പോഴും ഇറങ്ങുമ്പോഴും മറ്റ് വാഹനങ്ങൾക്ക് മുന്നറിയിപ്പ് നൽകുന്ന സ്റ്റോപ്പ്‌ ബോർഡ് കണ്ടാൽ വാഹനങ്ങൾ  നിർത്തുക, അടിയന്തിര വാഹനങ്ങൾക്ക് വഴിയൊരുക്കുക, അമിതവേഗം ഒഴിവാക്കുക, വാഹനം ഓടിക്കുമ്പോൾ  മൊബൈൽ ഫോണുകൾ ഉപയോഗിക്കാതിരിക്കുക,ചുവപ്പ് സിഗ്നൽ മറികടക്കുന്നത് ഒഴിവാക്കുക തുടങ്ങിയവയെക്കുറിച്ചു ബോധവൽക്കരണം നടത്തും. 

നിയമലംഘകർ ആയിരം ദിര്‍ഹം പിഴ നല്‍കേണ്ടിവരുന്നതിന് പുറമേ ലൈസൻസിൽ 10 ബ്ലാക് പോയന്റുകളും ലഭിക്കും. സ്കൂൾ ബസ് നിർത്തുമ്പോൾ സ്റ്റോപ്പ്‌ ബോർഡ് പ്രദർശിപ്പിച്ചില്ലെങ്കിൽ ഡ്രൈവർക്കും ശിക്ഷയുണ്ടാകും. അബുദാബിയിലെ എല്ലാ സ്കൂൾ ബസുകളിലും റഡാറുകൾ സ്ഥാപിക്കുമെന്നും പോലീസ് അറിയിച്ചു.  ഏഴായിരം സ്‌കൂൾ ബസുകളിലാണ് റഡാറുകൾ സ്ഥാപിക്കുക.  പോലീസ് ആസ്ഥാനത്ത്   നടന്ന വാർത്ത സമ്മേളനത്തിൽ അബുദാബി പോലീസ് സെൻട്രൽ ഓപ്പറേഷൻസ് സെക്ടർ  ഡെപ്യൂട്ടി ഡയറക്ടർ ബ്രിഗേഡിയർ അഹമ്മദ്‌ അൽ ഷെഹ്‌ഹി, ട്രാഫിക് ആൻഡ് പട്രോൾസ് ഡെപ്യൂട്ടി ഡയറക്ടർ ബ്രിഗേഡിയർ സലിം ബറാക് തുടങ്ങിയവർ പങ്കെടുത്തു.