അഭിമാനക്കുതിപ്പിനൊരുങ്ങി യുഎഇ; ബഹിരാകാശത്തേയ്ക്ക് ഖുർആനും; വിഡിയോ

ബഹിരാകാശ നിലയത്തിൽ സാന്നിധ്യമറിയിക്കുന്ന 19ാമത്തെ രാജ്യമാകാനൊരുങ്ങുകയാണ് യുഎഇ. ബഹിരാകാശ യാത്രികൻ ഹസ്സ അൽ മൻസൂറി അടുത്തമാസം 25നു വൈകിട്ട് 5.56ന് ബഹിരാകാശ നിലയത്തിലേക്ക് യാത്രതിരിക്കും.. കസഖ്സ്ഥാനിലെ ബൈക്കന്നൂർ കോസ്മോ ഡ്രോമിൽ നിന്ന് സോയുസ് എംഎസ് 15 പേടകത്തിലാണ് യുഎഇയുടെ ഇൗ അഭിമാനക്കുതിപ്പ്. റഷ്യൻ കമാൻഡർ ഒലെഗ് സ്ക്രിപോഷ്ക, യുഎസിലെ ജെസീക്ക മീർ എന്നിവരാണു സഹയാത്രികർ. ഒക്ടോബർ നാലിനാണ് ഐഎസ്എസിൽ നിന്നുള്ള മടക്കയാത്ര. സോയുസ് പേടകത്തിന് 7.48 മീറ്റർ നീളവും 2.71 മീറ്റർ വ്യാസവുമുണ്ട്. ആറു മണിക്കൂർകൊണ്ട് ബഹിരാകാശ നിലയത്തിൽ എത്താമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഹസ്സ അൽ മൻസൂറിയും പകരക്കാരനായ സുൽത്താൻ അൽ നെയാദിയും അവസാനഘട്ട പരിശീലനവും വിജയകരമായി പൂർത്തിയാക്കി. ഏതെങ്കിലും അടിയന്തര സാഹചര്യത്തിൽ ഹസ്സയ്ക്കു പോകാനായില്ലെങ്കിലാണ് അൽ നെയാദിയെ പരിഗണിക്കുക. ബഹിരാകാശ നിലയത്തിൽ സാന്നിധ്യമറിയിക്കുന്ന 19ാമത്തെ രാജ്യമാകാനാണ് യുഎഇ തയാറെടുക്കുന്നതെന്ന് മുഹമ്മദ് ബിൻ റാഷിദ് സ്പേസ് സെന്റർ അസിസ്റ്റന്റ് ഡയറക്ടർ ജനറൽ സാലിം അൽ മർറി പറഞ്ഞു. 18 രാജ്യങ്ങളിൽ നിന്നുള്ള 230ൽ ഏറെ യാത്രികർ ബഹിരാകാശ നിലയത്തിൽ എത്തിയിട്ടുണ്ട്. 

വിശുദ്ധ ഗ്രന്ഥവുമായി അഭിമാനയാത്ര 

ബഹിരാകാശ നിലയത്തിലേക്ക് വിശുദ്ധ ഖുർആനുമായാണ് ഹസ്സ അൽ മൻസൂറിയുടെ യാത്ര. പട്ടുകൊണ്ടുള്ള യുഎഇ പതാക, രാഷ്ട്രപിതാവ് ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ അൽ നഹ്യാൻ അപ്പോളോ 17 ടീമിനൊപ്പം നിൽക്കുന്ന ചിത്രം, യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ ആത്മകഥയായ 'കിസ്സതി', സ്വദേശി ഭക്ഷണം, കുടുംബാംഗങ്ങളുടെ ചിത്രങ്ങളടക്കമുള്ള സ്വകാര്യ സാധനങ്ങൾ, ചൊവ്വാ ദൗത്യത്തിനും മറ്റുമുള്ള ഗവേഷണ സാമഗ്രികൾ, ഗാഫ് മരത്തിന്റെ 30 വിത്തുകൾ എന്നിവയും ഒപ്പം കരുതുന്നുണ്ട്.

'ശൂന്യതയിലെ' വിരുന്ന് വിഭവസമൃദ്ധം

ബഹിരാകാശത്ത് ഹസ്സയുെട അറേബ്യൻ വിരുന്നുണ്ടാകും. സഹയാത്രികരും ബഹിരാകാശ നിലയത്തിൽ ഉള്ളവരും 'അത്താഴവിരുന്നിൽ' പങ്കെടുക്കും.  സ്വദേശി വിഭവങ്ങളായ മദ് രൂബ, സലൂന, ബലാലീത് എന്നിവയാണ് വിളമ്പുക. ദിവസവും കഴിക്കാനുള്ള അറേബ്യൻ വിഭവങ്ങൾ വേറെയുണ്ട്. റഷ്യയിലെ സ്റ്റാർ സിറ്റിയിൽ നടന്ന പരിശീലനകാലയളവിലാണ് ഈ വിഭവങ്ങൾ തിരഞ്ഞെടുത്തത്. 200 ഹലാൽ വിഭവങ്ങൾ ഇതിനായി പരീക്ഷിച്ചു. റഷ്യൻ സ്പേസ് ഫുഡ് ലബോറട്ടറി കമ്പനിയാണിവ തയാറാക്കിയത്. ബഹിരാകാശ കേന്ദ്രത്തിൽ സൂപ്പുകളും മത്സ്യം, കോഴിയിറച്ചി, ബീഫ് എന്നിവകൊണ്ടുള്ള വിഭവങ്ങളും ഉണ്ടാകും. മധുരവിഭവങ്ങൾ, ചായ, പഴച്ചാറുകൾ എന്നിവയും ലഭിക്കും.