ഇരുപത്തിനാലു മണിക്കൂറിനകം ഉംറ വീസ ലഭ്യമാക്കാൻ പദ്ധതി

ഇരുപത്തിനാലു മണിക്കൂറിനകം ഉംറ വീസ ലഭ്യമാക്കുന്ന പദ്ധതിയുമായി സൗദി അറേബ്യ. ഇതിനായി ഓൺലൈൻ വീസ സംവിധാനം ഏർപ്പെടുത്തുമെന്നു ഹജ് ഉംറ മന്ത്രാലയം അറിയിച്ചു.

ഹജ് തീർഥാടനം കഴിഞ്ഞു ഉംറ തീർഥാടനം തുടങ്ങിയ സാഹചര്യത്തിലാണ് വീസ സംവിധാനം ലളിതമാക്കുമെന്ന പ്രഖ്യാപനം. സൌദി എംബസികളിലോ കോൺസുലേറ്റുകളിലോ പോകാതെ ഓൺലൈൻ വഴി വീസയ്ക്ക് അപേക്ഷിക്കാവുന്ന സംവിധാനമാണ് നിലവിൽ വരുന്നത്. അപേക്ഷകൾക്കൊപ്പം ആവശ്യമായ രേഖകളും സമർപ്പിക്കണം. ഇവ പരിശോധിച്ച് 24 മണിക്കൂറിനകം വീസ ലഭ്യമാക്കുന്നതാണ് പദ്ധതിയെന്നു ഹജ് ഉംറ മന്ത്രാലയം അണ്ടർസെക്രട്ടറി അബ്ദുൽ അസീസ് വാസൻ വ്യക്തമാക്കി. ഈ സീസണിൽ തന്നെ പദ്ധതി നിലവിൽ വരും. ഒരു കോടി ഉംറ തീർഥാടകരെയാണ് ഈ സീസണിൽ പ്രതീക്ഷിക്കുന്നത്. ഉംറ വീസയിൽ സൌദിയിലെത്തുന്ന തീർഥാടകർക്ക് രാജ്യം മുഴുവൻ സഞ്ചരിക്കാൻ നേരത്തേ അനുമതി നൽകിയിരുന്നു. മക്ക, മദീന, ജിദ്ദ നഗരങ്ങളിൽ മാത്രമായിരുന്നു സഞ്ചരിക്കാൻ നേരത്തേ അനുമതിയുണ്ടായിരുന്നത്.