സ്വദേശിവൽക്കരണതോത് ഉയർത്തുന്നു; പുതിയ പദ്ധതിയുമായി സൗദി തൊഴിൽ മന്ത്രാലയം

സൗദിയിൽ സ്വകാര്യ സ്ഥാപനങ്ങളിൽ സ്വദേശിവൽക്കരണതോത് ഉയർത്താൻ പുതിയ പദ്ധതിയുമായി സൗദി തൊഴിൽ മന്ത്രാലയം. നിയമലംഘനം നടത്തുന്ന കമ്പനികൾ കൂടുതൽ സ്വദേശികളെ നിയമിച്ചാൽ പിഴയ്ക്ക് ഇളവു നൽകും. അതേസമയം, കൂടുതൽ തസ്തികകളിൽ സ്വദേശിവൽക്കരണം നടപ്പാക്കുമെന്ന് മന്ത്രാലയം വ്യക്തമാക്കി.

തൊഴിൽ നിയമ ലംഘനത്തിന് സ്വകാര്യ സ്ഥാപനങ്ങൾക്ക് ചുമത്തുന്ന പിഴ ഒഴിവാക്കുന്നതിന് പകരമായി ഇനി കൂടുതൽ സ്വദേശികളെ നിയമിച്ചാൽ മതിയാകും.  സ്വദേശിവൽക്കരണ തോത് ഉയർത്തുന്നതിന് സ്വകാര്യ സ്ഥാപനങ്ങളെ പ്രോത്സാഹിപ്പിക്കുകയാണ് ലക്ഷ്യം. ഇതിനായി നിയമലംഘനത്തിന് പിഴ ചുമത്തപ്പെട്ട സ്ഥാപനങ്ങളുമായി തൊഴിൽ മന്ത്രാലയം ഒരു വർഷം കാലാവധിയുള്ള കരാറിലേർപ്പെടും. സ്ഥാപനങ്ങൾ കൂടുതൽ സ്വദേശികളെ നിയമിച്ചു നിശ്ചിത അനുപാതത്തിലേക്ക് സ്വദേശിവത്കരണം വർദ്ധിപ്പിക്കേണ്ടിവരും. എന്നാല്‍ പദ്ധതിയുടെ ആനുകൂല്ല്യം ലഭിക്കുവാന്‍ ചില ഉപാധികളുണ്ട്. സ്ഥാപനം ഗ്രീന്‍ കാറ്റഗറിയോ അതിന് മുകളിലോ ആയിരിക്കുക, വേതന സംരക്ഷണ പദ്ധതിയിൽ പിഴവു വരുത്താതിരിക്കുക തുടങ്ങിയവയാണ് ഉപാധികള്‍. അതേസമയം, ഉന്നത തസ്തികകളിലും സ്‍പെഷ്യലിസ്റ്റ് തസ്തികകളിലും സ്വദേശിവൽക്കരണം നടപ്പാക്കുമെന്നു തൊഴില്‍ സാമൂഹിക വികസന മന്ത്രി അഹ്‍മദ് അല്‍ റാജ്‍ഹി പറഞ്ഞു. ഉന്നത വിദ്യാഭ്യാസ യോഗ്യതയുള്ള സ്വദേശികൾക്കു കൂടുതല്‍ തൊഴിലവസരങ്ങള്‍ ലഭ്യമാക്കാനാണ് ശ്രമമെന്നും മന്ത്രി വ്യക്തമാക്കി.