അബുദാബിയിലും ടോൾ ഗേറ്റുകൾ വരുന്നു; നാലുപാതകളിൽ ടോൾ

ദുബായ്ക്കു പിന്നാലെ അബുദാബിയിലും ടോൾ ഗേറ്റുകൾ വരുന്നു. ഒക്ടോബർ പതിനഞ്ചു തുടങ്ങി അബുദാബിയിലെ നാലു പാതകളിൽ സഞ്ചരിക്കുന്ന വാഹനങ്ങൾ ടോൾ നൽകേണ്ടി വരും. അബുദാബിയിലെ പ്രധാനപ്പെട്ട പാതകളിലെ ഷെയ്ഖ് സായിദ്, ഷെയ്ഖ് ഖലീഫ ബിൻ സായിദ്, അൽ മക്ത, മുസഫ പാലങ്ങളിലാണ്  ടോൾ ഗേറ്റുകൾ നിലവിൽ വരുന്നത്. ശനിയാഴ്ച മുതൽ വ്യാഴാഴ്ച വരെ രാവിലെ ഏഴു മുതൽ ഒൻപതു മണി വരെയും വൈകിട്ട് അഞ്ചു മുതൽ ഏഴു മണി വരെയും  നാലു ദിർഹമായിരിക്കും നിരക്ക്.  വെള്ളിയാഴ്ചയും പൊതുഅവധി ദിവസങ്ങളിലും തിരക്കില്ലാത്ത സമയങ്ങളിലും രണ്ടു ദിർഹമാണ് ടോൾ നിരക്ക്.  ഒരു ദിവസം ഈടാക്കുന്ന പരമാവധി തുക 16 ദിർഹമായിരിക്കും. 

ഗതാഗതക്കുരുക്കും പരിസ്ഥിതി മലിനീകരണവും കുറയ്ക്കുന്നതോടൊപ്പം പൊതുഗതാഗത സംവിധാനം ഉപയോഗപ്പെടുത്താൻ ജനങ്ങളെ പ്രോത്സാഹിപ്പിക്കുകയാണ് ഉദ്ദേശമെന്ന് ഗതാഗത വകുപ്പിലെ സർഫേസ് ട്രാൻസ്പോർട്ട് സെക്ടർ ആക്ടിങ് എക്സിക്യൂട്ടീവ് ഡയറക്ർ ഇബ്രാഹിം സെർഹാൻ അൽ ഹമൂദി പറഞ്ഞു.

അബുദാബിയില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള വാഹനങ്ങളുടെ  നമ്പർ പ്ളേറ്റുകളുമായി ബന്ധപ്പെടുത്തി ടോള്‍ അക്കൗണ്ടുകള്‍ ഓട്ടോമാറ്റിക് ആയി സജ്ജീകരിക്കപ്പെടും. ഇതിന്റെ യൂസര്‍നെയിമും പാസ്‍വേഡും അറിയിച്ചുകൊണ്ടുള്ള എസ്എംഎസ് വാഹന ഉടമകള്‍ക്ക് ലഭിക്കും. മറ്റു എമിറേറ്റ്സിലുള്ളവർ ഓൺലൈൻ വഴി റജിസ്റ്റർ ചെയ്യണം. ഈ വാഹനങ്ങൾ റജിസ്റ്റർ ചെയ്യാതെ കടന്നു പോയാൽ പത്തുദിവസത്തെ സാവകാശം നൽകും. എന്നിട്ടും റജിസ്റ്റർ ചെയ്തില്ലെങ്കിൽ പിഴ ഈടാക്കും.