ദുബായ് കണ്ണൂർ വിമാന സർവ്വീസിന് തുടക്കം

ദുബായ് കണ്ണൂർ വിമാന സർവ്വീസിന് നാളെ തുടക്കം. ബജറ്റ് എയർലൈനായ ഗോ എയറാണ് പ്രതിദിന സർവ്വീസ് ആരംഭിക്കുന്നത്. കണ്ണൂരിൽ നിന്നും ആദ്യമായാണ് ദുബായിലേക്ക് വിമാനസർവ്വീസ് തുടങ്ങുന്നത്.

കണ്ണൂർ, കാസർകോട്, കോഴിക്കോട് സ്വദേശികളായ യുഎഇ പ്രവാസികൾക്ക് യാത്രാ സൗകര്യമൊരുക്കിയാണ് ദുബായില്‍ നിന്നു കണ്ണൂരിലേയ്ക്ക് ഗോ എയര്‍ പ്രതിദിന സര്‍വ്വീസ് ആരംഭിക്കുന്നത്. വൈകിട്ട് ഏഴ് അഞ്ചിനു പുറപ്പെടുന്ന ആദ്യ വിമാനം യു.എ.ഇ സമയം രാത്രി പത്തുമുപ്പതിന് ദുബായിലെത്തും. ദുബായിൽ നിന്നു രാത്രി പന്ത്രണ്ട് ഇരുപതിനു പുറപ്പെടുന്ന വിമാനം പുലർച്ചെ അഞ്ച് മുപ്പത്തിയഞ്ചിനു കണ്ണൂർ രാജ്യാന്തരവിമാനത്താവളത്തിലെത്തുമെന്നു ഗോ എയർ അധികൃതർ അറിയിച്ചു.

ഷാർജ അടക്കമുള്ള രാജ്യാന്തര സർവീസുകൾ തുടങ്ങുന്ന കാര്യവും പരിഗണനയിലുണ്ട്. 335 ദിർഹം മുതലാണ് വൺവേ ടിക്കറ്റ് നിരക്ക്. അല്‍ നബൂദ ട്രാവല്‍ ആൻഡ് ടൂറിസവുമായി ചേര്‍ന്നാണ് ഗോ എയര്‍ സര്‍വ്വീസ് ആരംഭിക്കുന്നത്. അല്‍ നബൂദ ട്രാവല്‍ ആൻ‍ഡ് ടൂറിസം ഏജന്‍സി സി.ഇ.ഒ നാസിര്‍ ജമാല്‍ ഖാന്‍,.ഗോ എയർ കോർപറേറ്റ് കമ്യൂണിക്കേഷൻ വൈസ് പ്രസിഡൻ്റ് ബാകുൽ ഗാല, രാജ്യാന്തര ഓപ്പറേഷൻസ് സീനിയർ ജനറൽ മാനേജർ ജലീൽ ഖാലിദ് എന്നിവരും ദുബായിൽ നടത്തിയ വാർ‌ത്താ സമ്മേളനത്തിൽ പങ്കെടുത്തു.