സൗദിയിൽ സന്ദർശക വീസയിലെത്തുന്നവർക്ക് നാല് വിമാനത്താവളങ്ങളിൽ വിലക്ക്

സൗദിയിൽ സന്ദർശക വീസയിലെത്തുന്ന ഇസ്ളാം മത വിശ്വാസികൾക്ക് നാല് വിമാനത്താവളങ്ങളിൽ വിലക്ക്. ജിദ്ദ, മദീന, യാമ്പൂ, തയീഫ് വിമാനത്താവളങ്ങളിലാണ്  അടുത്തമാസം പന്ത്രണ്ട് വരെ വിലക്കേർപ്പെടുത്തിയത്. ഹജ്ജിൻറെ ഭാഗമായാണ് പതിവു യാത്രാവിലക്ക് പ്രഖ്യാപനം.

ബിസിനസ് സന്ദർശക വീസ, തൊഴിൽ സന്ദർശക വീസ, കുടുംബ സന്ദർശക വീസ എന്നീ മൂന്നു വിഭാഗങ്ങളിലായി സൌദിയിലെത്തുന്നവർക്കാണ് നാല് വിമാനത്താവളങ്ങളിൽ വിലക്ക്.ഹജ്ജ് കാലത്തെ പതിവ് നിയന്ത്രണങ്ങളുടെ ഭാഗമായാണ് വിലക്കെന്ന് വ്യോമയാന മന്ത്രാലയം അറിയിച്ചു. ഓഗസ്റ്റ് 12 വരെ ഈ സെക്ടറിൽ നേരിട്ടുള്ള വിമാനത്തിൽ ബുക്ക് ചെയ്ത രാജ്യാന്തര യാത്രക്കാർക്ക് ടിക്കറ്റ് റദ്ദാക്കുകയോ മറ്റു വിമാനത്താവളങ്ങളിലേക്ക് യാത്ര മാറ്റുകയോ ചെയ്യണം. ഈ 4 വിമാനത്താവളങ്ങളിലും യാത്രക്കാരെ സ്വീകരിക്കരുതെന്ന് എയർലൈനുകൾക്ക് വ്യോമയാന വകുപ്പ് നിർദേശം നൽകി. ഇതിൻറെ അടിസ്ഥാനത്തിൽ കേരളത്തിൽ നിന്നു ജിദ്ദയിലേക്കും മദീനയിലേക്കും യാത്ര ചെയ്യാനെത്തിയവരെ വിലക്കിയിരുന്നു. റിയാദ്, ദമാം വിമാനത്താവളം അടക്കം സൗദിയിലെ മറ്റു സെക്ടറുകളിലേക്കുള്ള യാത്രയ്ക്ക് വിലക്കില്ല.തൊഴിൽ വീസയുള്ളവർക്കും വിലക്കേർപ്പെടുത്തിയിട്ടില്ല. ഹജ്ജ് സീസൺ കഴിയുന്നതോടെ വിലക്ക് പൂർണമായും അവസാനിക്കുമെന്നും അധികൃതർ അറിയിച്ചു.