അപകടസാധ്യതയുള്ള ആകാശപാതകൾ ഒഴിവാക്കണമെന്നു എയർലൈൻ കമ്പനികൾക്ക് നിർദേശം

ഗൾഫ് മേഖലയിൽ സംഘർഷസാധ്യത തുടരുന്ന സാഹചര്യത്തിൽ വിമാനകമ്പനികൾക്കു മുന്നറിയിപ്പുമായി യു.എ.ഇ ജനറൽ സിവിൽ ഏവിയേഷൻ അതോറിറ്റി. അപകടസാധ്യതയുള്ള ആകാശപാതകൾ ഒഴിവാക്കണമെന്നു എയർലൈൻ കമ്പനികളോട് നിർദേശിച്ചു. ഇറാൻ വ്യോമപാതയിലൂടെയുള്ള സർവീസുകൾ വഴിമാറ്റിവിടുമെന്ന അമേരിക്കയുടേയും ഇന്ത്യയുടേയും തീരുമാനത്തിനു പിന്നാലെയാണ് യു.എ.ഇ നിർദേശം. 

അമേരിക്കയും ഇറാനും തമ്മിൽ സംഘർഷസാധ്യത തുടരുന്ന പശ്ചാത്തലത്തിലാണ് യു.എ.ഇയുടെ മുന്നറിയിപ്പ്.  ഈ സാഹചര്യത്തിൽ അപകടസാധ്യതയുള്ള ആകാശപാതകൾ ഒഴിവാക്കണമെന്നു ജനറൽ സിവിൽ ഏവിയേഷൻ അതോറിറ്റി നിർദേശിച്ചു. ഇറാൻറെ പേരെടുത്തു പറയുന്നില്ലെങ്കിലും ഇറാൻ വ്യോമാതിർത്തി ഒഴിവാക്കണമെന്നാണ് അതോറ്റി ഉദ്ദേശിക്കുന്നത്. ഇതോടെ അബുദാബി കേന്ദ്രമായ എത്തിഹാദ് എയർലൈൻസ് ഇറാൻ വ്യോമാതിർത്തി വഴിയുള്ള സർവീസുകൾ നിർത്തിവച്ചു. ഇറാൻ വ്യോമാതിർത്തി വഴിയുള്ള സർവീസുകൾ നിർത്തലാക്കിയതായി ഇന്ത്യയിലെ സിവിൽ ഏവിയേഷൻ അതോറിറ്റിയും വ്യക്തമാക്കി. അമേരിക്കയിലെ വിമാനകമ്പനികൾക്കു യു.എസ് ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്ട്രേഷനും മുന്നറിപ്പ് നൽകിയിരുന്നു. തുടർന്നു യുണൈറ്റഡ് എയർലൈൻസിൻറെ മുംബൈ...ന്യൂയോർക്ക് സർവീസ് റദ്ദാക്കി. എന്നാൽ, പുതിയ തീരുമാനം,  ഗൾഫ് രാജ്യങ്ങളിൽ നിന്നും കേരളത്തിലേക്കുള്ള വിമാന സർവീസുകളെ നേരിട്ട് ബാധിക്കില്ലെന്നാണ് കരുതുന്നത്.