ഒമാനില്‍ മദ്യത്തിന് ഇനി ഇരട്ടി വില; പന്നി ഇറച്ചിക്കും വില കൂട്ടി

ഒമാനില്‍ പുകയില ഉത്പന്നങ്ങള്‍, ഊര്‍ജ പാനീയങ്ങള്‍, മദ്യം, ശീതള പാനീയങ്ങള്‍, പന്നി തുടങ്ങിയവയുടെ നികുതി വര്‍ധനവ് പ്രാബല്യത്തില്‍. ആറു മാസം മുമ്പ് ഭരണാധികാരി സുല്‍ത്താന്‍ ഖാബൂസ് ബിന്‍ സഈദ് പുറപ്പെടുവിച്ച രാജകീയ ഉത്തരവാണ് ജൂൺ 15ന് പ്രാബല്യത്തില്‍ വന്നത്. നികുതി വര്‍ധനവിലൂടെ ഒരു വര്‍ഷം പത്ത് കോടി ഒമാനി റിയാല്‍ രാജ്യത്തിന് നേടാനാകും.

50 മുതല്‍ നൂറ് ശതമാനം വരെയാണ് നികുതി വര്‍ധന. നികുതി അടച്ചുവെന്ന് ഉറപ്പുവരുത്താന്‍ വിതരണക്കാരുടെ മേല്‍ കര്‍ശന നിയന്ത്രണങ്ങളുണ്ടാകും.  നികുതി വെട്ടിപ്പുകാര്‍ക്ക് ഒന്നിനും മൂന്നിനും ഇടയിലുള്ള വര്‍ഷം തടവ്, അയ്യായിരം ഒമാനി റിയാലില്‍ കുറയാത്തതും ഇരുപതിനായിരം ഒമാനി റിയാലില്‍ കൂടാത്തതുമായ പിഴ തുടങ്ങിയവയാണ് ശിക്ഷ.

2016ല്‍ ജിസിസി രാഷ്ട്രങ്ങള്‍ക്കിടയിലുണ്ടായ ധാരണയുടെ അടിസ്ഥാനത്തിലാണ് നികുതി വര്‍ധനവ്. സൗദി അറേബ്യ, യുഎഇ, ബഹ്‌റൈന്‍, ഖത്തര്‍ എന്നീ രാജ്യങ്ങള്‍ തമ്മിലുണ്ടാക്കിയ ധാരണപ്രകാരം വിവിധ രാജ്യങ്ങള്‍ ഇതിനോടകം നികുതി വര്‍ധന  പ്രാബല്യത്തില്‍ വരുത്തിയിരുന്നു.