ഇറാനെതിരെയുള്ള പ്രമേയം തള്ളി; ഖത്തറിനെതിരെ ജിസിസി രാജ്യങ്ങൾ

മക്കയിൽ ചേർന്ന അടിയന്തര ഉച്ചകോടിയിലെ പ്രമേയങ്ങൾ തള്ളിയ ഖത്തറിനെതിരെ വിമർശനവുമായി സൗദി അടക്കമുള്ള ജിസിസി രാജ്യങ്ങൾ. യാഥാർഥ്യങ്ങൾ വളച്ചൊടിക്കാനാണ് ഖത്തർ ശ്രമിക്കുന്നതെന്നു സൗദി കുറ്റപ്പെടുത്തി. കൂടിയാലോചന നടത്താതെയാണ് പ്രമേയം പാസാക്കിയതെന്നാണ് ഖത്തറിൻറെ ആരോപണം.

മക്കയിൽ നടന്ന ജിസിസി, അറബ് ലീഗ്, ഒ.ഐ.സി എന്നീ മൂന്നു സമ്മേളനങ്ങളിലും ഖത്തർ പ്രധാനമന്ത്രി അബ്ദുല്ല ബിൻ നാസർ അൽത്താനി പങ്കെടുത്തിരുന്നു. ഉപരോധം തുടരുന്ന പശ്ചാത്തലത്തിൽ ഖത്തറും സൗദി സഖ്യരാഷ്ട്രങ്ങളുമായുള്ള ഭിന്നത പരിഹരിക്കാൻ മക്ക സമ്മേളനം വഴിയൊരുക്കിയെന്ന റിപ്പോർട്ടുകൾക്കിടെയാണ് വീണ്ടും അകൽച പ്രകടമാകുന്നത്. 

ഉച്ചകോടിയിൽ പ്രമേയം പാസാക്കുന്നതിനിടെ വിയോജിപ്പ് അറിയിക്കാതിരുന്ന ഖത്തർ, പിന്നീടാണ് പ്രമേയങ്ങൾ തള്ളുന്നതായി അറിയിച്ചത്. പ്രമേയങ്ങൾ മുൻകൂട്ടി തയ്യാറാക്കിയതാണെന്നും ഖത്തറുമായി കൂടിയാലോചിച്ചില്ലെന്നും വിദേശകാര്യമന്ത്രി മുഹമ്മദ് ബിൻ അബ്ദുൽ റഹ്മാൻ പറഞ്ഞു.

ഖത്തറിനെതിരെ ഉപരോധം തുടരുന്ന സാഹചര്യത്തിൽ എങ്ങനെയാണ് ഐക്യം പ്രഖ്യാപിക്കുന്ന പ്രമേയം പാസാക്കാനാകുന്നതെന്നും വിദേശകാര്യമന്ത്രി, പ്രമേയം തള്ളിക്കൊണ്ടു കുറ്റപ്പെടുത്തി.

എന്നാൽ, അംഗരാജ്യങ്ങൾക്ക് പ്രമേയത്തോട് വിയോജിപ്പുണ്ടെങ്കിൽ അറിയിക്കേണ്ടത് സമ്മേളന വേദിയിലാണെന്നു സൗദി വിദേശകാര്യമന്ത്രി ആദിൽ അൽ ജുബൈർ പറഞ്ഞു. ആത്മാർഥതയില്ലാത്ത ഇടപെടലാണ് ഖത്തറിൻറെ ഭാഗത്തുനിന്നുണ്ടായതെന്നു യുഎഇ വിദേശകാര്യമന്ത്രി അൻവർ ഗർഗാഷ് കുറ്റപ്പെടുത്തി.

ഇറാനെ പൂർണമായും അപലപ്പിക്കുന്ന പ്രമേയം അംഗീകരിക്കാനാകില്ലെന്നായിരുന്നു ഖത്തർ നിലപാട്. അമേരിക്കയുടെ ഇറാൻ നയമാണ് മക്ക ഉച്ചകോടിയിൽ പ്രതിഫലിച്ചതെന്നും ഖത്തർ ആരോപിച്ചു.