കത്തോലിക്കാ ദേവാലയത്തിൽ ബാങ്കുവിളി; റമദാൻ മാസത്തിലെ സൗഹാർദ മാതൃക

റമദാൻ മാസത്തിൽ സമൂഹനോമ്പുതുറയ്ക്കു വാതിൽ തുറന്നു അബുദാബിയിലെ കത്തോലിക്കാ ദേവാലയം. ദേവാലയത്തിനകത്ത് ബാങ്കു വിളിയോടെയായിരുന്നു ഇഫ്താർ വിരുന്ന്. മതസൌഹാർദത്തിൻറെ സന്ദേശം പ്രചരിപ്പിക്കുന്നതിൻറെ ഭാഗമായാണ് നോമ്പുതുറ ഒരുക്കിയത്. 

യുഎഇയിലെ സഹിഷ്ണുതാ വർഷത്തിൽ മതസൗഹാർദത്തിൻറെ വാതിൽ തുറന്ന് അബുദാബി സെൻറ് പോൾസ് കത്തോലിക്കാ ദേവാലയം. മുസഫ വ്യവസായ മേഖലയിലെ ലേബർ ക്യാംപിലുള്ള വിവിധ രാജ്യക്കാരായ അഞ്ഞൂറിലേറെ മുസ്ലിം വിശ്വാസികളാണ് ക്രൈസ്തവദേവാലയത്തിൽ പ്രാർഥനകളോടെ നോമ്പ് തുറന്നത്. വിശ്വാസികളും ദേവാലയ അധികൃതരും പൂർണമനസോടെയാണ് നോമ്പുതുറയ്ക്ക് അവസരമൊരുക്കിയത്.

ഇന്ത്യ, പാക്കിസ്ഥാൻ, ബംഗ്ലദേശ്, ആഫ്രിക്കയിലെ വിവിധ രാജ്യങ്ങൾ എന്നിവിടങ്ങളിൽ നിന്നുള്ള പ്രവാസികൾ ഇഫ്താർ സംഗമത്തിൻറെ ഭാഗമായി.  അബുദാബി പൊലീസ് മേധാവി ക്യാപ്റ്റൻ മുഹമ്മദ് അൽ സാദി, ഇൻസ്പെക്ടർ സെയ്ദ് അൽ സബൂസി എന്നിവരടക്കം സ്വദേശികളും വിദേശികളുമായി നിരവധി പ്രമുഖരും ഇഫ്താറിലും പ്രാർഥനകളിലും പങ്കെടുത്തു.