30 ലക്ഷം രൂപ വരെ വായ്പ; മടങ്ങിയെത്തിയ പ്രവാസികൾക്കായി നോർക്ക

ഗൾഫ് രാജ്യങ്ങളിൽ ജോലി നഷ്ടപ്പെട്ടു മടങ്ങിയെത്തിയ പ്രവാസിമലയാളികൾ നോർക്ക വഴി കൂടുതൽ സംരംഭങ്ങൾ ആരംഭിച്ചതായി റിപ്പോർട്ട്. കഴിഞ്ഞ സാമ്പത്തികവർഷം എഴുന്നൂറിലേറെ സംരംഭകർക്കു നോർക്കയുടെ സഹായം ലഭിച്ചതായി സി.ഇ.ഒ ഹരികൃഷ്ണൻ നമ്പൂതിരി അറിയിച്ചു. 

സംസ്ഥാനപ്രവാസികാര്യ വകുപ്പിൻറെ പുനരധിവാസ പദ്ധതി എൻഡിപ്രേം വഴിയാണ് മടങ്ങിയെത്തുന്ന പ്രവാസികൾക്കു പിന്തുണ നൽകുന്നത്. 2018-2019 വർഷത്തിൽ 791 സംരംഭകർക്കു പരിശീലനവും സാമ്പത്തികസഹായവും നൽകിയെന്നു നോർക്ക വ്യക്തമാക്കുന്നു. 2013 ൽ തുടങ്ങിയ പദ്ധതിയിലൂടെ ഇതുവരെ 2600 സംരംഭങ്ങൾ തുടങ്ങാനായി. 

രണ്ടുവർഷമെങ്കിലും ഇന്ത്യക്കു പുറത്തു ജോലി ചെയ്തതിനു ശേഷം മടങ്ങിയെത്തിയവരാണ് എൻഡിപ്രേം പദ്ധതിയുടെ ഗുണഭോക്താക്കൾ. പരമാവധി 30 ലക്ഷം രൂപ വരെ മൂലധനച്ചെലവുള്ള പദ്ധതികൾക്കു നോർക്കയുമായി സഹകരിക്കുന്ന ബാങ്കുകളിൽ നിന്നും വായ്പ ലഭിക്കും. മുടക്കം വരാതെ തിരിച്ചയ്ക്കുന്ന ഗുണഭോക്താക്കൾക്കു പതിനഞ്ചു ശതമാനം മൂലധന സബ്സിഡി ലഭിക്കും. വായ്പയുടെ പലിശയ്ക്കു മൂന്നു ശതമാനം സബ്സിഡി നാലു വർഷത്തേക്കു ലഭിക്കും. 

സെൻറർ ഫോർ മാനേജ്മെൻറ് ഡെവലപ്മെൻറ് എന്ന സർക്കാർ സ്ഥാപനം വഴി സംരംഭകപരിശീലനവും ലഭിക്കും. ഇതിനായി ബജറ്റിൽ നീക്കിവച്ച പതിനഞ്ചുകോടി കൃത്യമായി വിനിയോഗിച്ചതായും നോർക്ക വ്യക്തമാക്കുന്നു. norkaroots.org എന്ന വെബ്സൈറ്റ് വഴിയോ 0091 8802012345 എന്ന നമ്പരിൽ വിളിച്ചോ കൂടുതൽ വിവരങ്ങൾ തേടാം.