അബുദാബിയില്‍ 28 കോടി നേടിയ മലയാളിയെ ഒടുവിൽ തേടിപ്പിടിച്ചു; അമ്പരപ്പ്: വിഡിയോ

ബിഗ് ടിക്കറ്റ് നറുക്കെടുപ്പിൽ 1.5 കോടി ദിർഹം (ഏകദേശം 28.25 കോടി രൂപ) നേടിയ മലയാളിയെ ഒടുവിൽ കണ്ടെത്തി. അധികൃതർ പലതവണ ഫോണിൽ ബന്ധപ്പെട്ടെങ്കിലും ആളെ കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. ഇതോടെ മാധ്യമങ്ങളിലും വാർത്ത നൽകി. ഒടുവിൽ ഭാഗ്യവാനെ കണ്ടെത്തി അയാളുടെ ഒാഫിസിൽ നേരിട്ടെത്തിയാണ് അധികൃതർ വിവരം അറിയിച്ചത്. കടവന്ത്രയിൽ താമസിക്കുന്ന പാലക്കാട് സ്വദേശി കെ.എസ്. ഷോജിതും സഹപ്രവർത്തകരായ 10 പേരും കൂടി ചേർന്നെടുത്ത ടിക്കറ്റിനാണ് ഒന്നാം സമ്മാനം അടിച്ചത്. ഷോജിത്തിന്റെ ഒാഫിസിൽ നേരിട്ടെത്തി അഭിനന്ദനം അറിയിച്ച അധികൃതർ ഇൗ വിഡിയോ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചിട്ടുണ്ട്.

ഏഴു വർഷമായി ഷാർജ വൈറ്റ് അലൂമിനിയം കമ്പനിയിൽ സെയിൽസ്മാനായ ഷോജിത് കമ്പനി ഉദ്യോഗസ്ഥരോടൊപ്പം ഔദ്യോഗിക ആവശ്യത്തിന് ഇറ്റലിയിൽ ആയിരുന്നതിനാലാണു സമ്മാനവിവരം അറിയാതിരുന്നത്. ബിഗ് ടിക്കറ്റ് അധികൃതർ പലവട്ടം വിളിച്ചിട്ടും മറുപടിയില്ലാത്തതിനെ തുടർന്ന് മാധ്യമങ്ങളിൽ വാർത്ത നൽകിയിരുന്നു. 

അലൂമിനിയം കമ്പനിയിലെ ജോലിക്കു പുറമെ ഷാർജയിൽ സ്വന്തമായി ഹോട്ടലും നടത്തുന്നുണ്ട് ഷോജിത്. മലയാളികളും തമിഴ്നാട്ടുകാരുമായ കൂട്ടുകാർ ചേർന്നാണു ടിക്കറ്റ് എടുത്തത്.