യു.എ.ഇയിൽ ഇന്ത്യൻ പൗരന്‍മാരുടെ ശമ്പളം വൈകിയാൽ ഇടപെടുമെന്ന് എംബസി

യു.എ.ഇയിൽ ഇന്ത്യൻ പൗരന്‍മാരുടെ ശമ്പളം വൈകിയാൽ ഇടപെടാൻ തയ്യാറാണെന്നു അബുദാബിയിലെ ഇന്ത്യൻ എംബസിയും ദുബായ് കോൺസുലേറ്റും. ഇക്കാര്യം വ്യക്തമാക്കി വിവിധ ഇന്ത്യൻ ഭാഷകളിലായി എംബസി അറിയിപ്പ് പ്രസിദ്ധീകരിച്ചു. ശമ്പളം വൈകുന്നതുമായി ബന്ധപ്പെട്ട പരാതികൾ വ്യാപകമായ സാഹചര്യത്തിലാണ് എംബസിയുടെ ഇടപെടൽ. 

ശമ്പളം വൈകുന്ന സംഭവങ്ങൾ വ്യാപകമായ പശ്ചാത്തലത്തിലാണ് പ്രവാസി ഇന്ത്യക്കാർക്ക് ഏറെ സഹായകരമായ നടപടിയുമായി എംബസിയും കോൺസുലേറ്റും രംഗത്തെത്തുന്നത്. യുഎഇയിൽ ഏതെങ്കിലും കമ്പനിയുടമ ഇന്ത്യൻ പൗരന്മാർക്ക് ശമ്പളം നൽകാൻ വൈകുകയാണെങ്കിൽ അബുദാബിയിലെ ഇന്ത്യൻ എംബസിയിലോ ദുബായിലെ ഇന്ത്യൻ കോൺസുലേറ്റിലോ റിപ്പോർട്ട് ചെയ്യണമെന്ന് അധികൃതർ അറിയിച്ചു. ഇംഗ്ലീഷ്, ഹിന്ദി, മലയാളം, കന്നഡ, തമിഴ് ഭാഷകളിൽ ഇതു സംബന്ധിച്ച് അറിയിപ്പ് പ്രസിദ്ധീകരിച്ചു. cons2.dubai@mea.gov.in,  labour.dubai@mea.gov.in എന്നീ ഇ മെയിൽ വിലാസങ്ങളിലേക്കു പൂർണവിവരങ്ങൾ ഉൾപ്പെടുത്തി പരാതി അറിയിക്കാം. പരാതികളിൽ മേൽ കൃത്യമായ മറുപടിയും മാർഗനിർദേശവും നൽകുമെന്നു അധികൃതർ വ്യക്തമാക്കി. ഇന്ത്യയിലെ വ്യാജ  റിക്രൂട്ടിങ് ഏജൻസികൾ നടത്തുന്ന ജോലി തട്ടിപ്പിനെതിരെ കഴിഞ്ഞ ദിവസം ഇന്ത്യൻ എംബസി മുന്നറിയിപ്പ് നൽകിയിരുന്നു.