വൃക്ഷത്തൈ വിതരണം; ഗിന്നസ് റെക്കോർഡുമായി ഹാബിറ്റാറ്റ് സ്കൂൾ

ഏറ്റവുമധികം വൃക്ഷത്തൈകൾ വിതരണം ചെയ്തതിനുള്ള ഗിന്നസ് റെക്കോർഡുമായി അജ്മാൻ ഹാബിറ്റാറ്റ് സ്കൂൾ. ഒൻപതിനായിരത്തിമുന്നൂറ്റി എഴുപത്തിയൊന്നു തൈകളാണ് വിതരണം ചെയ്തത്. അജ്മാനിലും ഷാർജയിലുമായി വൃക്ഷത്തൈകൾ വച്ചുപിടിപ്പിക്കും.

വിത്തിൽ നിന്നും വൃക്ഷത്തിലേക്കെന്ന പ്രമേയത്തിൽ പരിസ്ഥിതി സംരക്ഷണം ലക്ഷ്യമിട്ടാണ് വൃക്ഷത്തൈകൾ വിതരണം ചെയ്തത്. ഇന്റർനാഷനൽ ഇന്ത്യൻ സ്കൂൾ അജ്മാൻ, ഹാബിറ്റാറ്റ് സ്കൂൾ അൽ ജുർഫ് അജ്മാൻ, ഹാബിറ്റാറ്റ് സ്കൂൾ ഉമ്മൽഖുവൈൻ, ഹാബിറ്റാറ്റ് സ്കൂൾ അൽ തല്ലാഹ് അജ്മാൻ എന്നീ നാലു സ്കൂളുകളിൽ നിന്നുളള വിദ്യാർഥികളും അധ്യാപകരും ജീവനക്കാരുമായ പതിനായിരത്തോളം പേർ ചേർന്നാണ് നേട്ടം ഗിന്നസ് നേട്ടം കൈവരിച്ചത്.

അഞ്ചു മാസങ്ങൾക്ക് മുൻപ് വിദ്യാർഥികൾ പാകിയ വിത്തിൽനിന്ന് തളിർത്ത തൈകളാണ് വിതരണം ചെയ്തത്. ഈ വൃക്ഷത്തൈകൾ അജ്മാൻ മുനിസിപ്പാലിറ്റിയുടെ കാർഷിക വകുപ്പിനു കൈമാറി. ഇനി നഗരത്തിൻറെ വിവിധഭാഗങ്ങളിൽ പച്ചപ്പും തണലുമേകി ഈ വൃക്ഷങ്ങൾ പ്രകൃതിയുടെ ഭാഗമാകും. വിദ്യാർഥികൾക്കു കാർഷികരംഗത്തെ പരിചയപ്പെടുത്തുന്ന പ്രവർത്തനങ്ങൾക്കുള്ള അംഗീകാരമായി അജ്മാൻ എമിറേറ്റ് അഗ്രിക്കൾച്ചർ പുരസ്കാരം നൽകി ഹാബിറ്റാറ്റ് സ്കൂളിനെ ആദരിച്ചിരുന്നു.