അബുദാബിയിലെ ആദ്യ ഹൈന്ദവ ക്ഷേത്രത്തിന് പ്രാർഥനാ മന്ത്രങ്ങളോടെ ശിലാസ്ഥാപനം. രാജസ്ഥാനിൽ നിന്നെത്തിച്ച പ്രത്യേക ശില ഉപയോഗിച്ചാണ് ക്ഷേത്രം നിർമിക്കുന്നത്. രണ്ടു വർഷത്തിനകം നിർമാണം പൂർത്തിയാകും.
ഇന്ത്യ യുഎഇ ബന്ധത്തിൻറെ ഊഷ്മളതയുടെ പുതിയ അധ്യായമാണ് അബുദാബിയിലെ ഹിന്ദു ക്ഷേത്രം. അബുദാബി ദുബായ് പാതയിൽ അബൂമുറൈറഖയിലാണ് മിഡിൽ ഈസ്റ്റിലെ ഏറ്റവും വലിയ ഹൈന്ദവക്ഷേത്രം ഉയരുന്നത്. ബാബ സ്വാമിനാരായണൻ സൻസ്തയുടെ. ആത്മീയാചാര്യൻ സ്വാമി മഹദ് മഹാരാജിൻറെ കാർമികത്വത്തിലായിരുന്നു ശിലാസ്ഥാപന ചടങ്ങുകൾ.
യുഎഇ വിദേശകാര്യ മന്ത്രി ഷെയ്ഖ് അബ്ദുല്ല ബിൻ സായിദ് അൽ നഹ്യാൻ, സഹിഷ്ണുതാ കാര്യമന്ത്രി നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ, യുഎഇയിലെ ഇന്ത്യൻ സ്ഥാനപതി നവ്ദീപ് സിങ് സൂര്യ തുടങ്ങിയ പ്രമുഖർ ചടങ്ങിൽ പങ്കെടുത്തു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അഭ്യർത്ഥനപ്രകാരം 2015 ലാണ് യുഎഇ ഭരണകൂടം ക്ഷേത്രത്തിന് സ്ഥലം അനുവദിച്ചത്. 11 ഹെക്ടർ സ്ഥലത്തു 700 കോടി രൂപയാണ് നിർമ്മാണ ചിലവ്. 2020 ഡിസംബറോടെ ക്ഷേത്രനിർമ്മാണം പൂർത്തിയാകും. ക്ഷേത്രത്തോടനുബന്ധിച്ചു ഇന്ത്യയുടെ സാംസ്കാരിക പൈതൃകം വിളിച്ചോതുന്ന കാഴ്ചകളും ഒരുക്കും.