അബുദാബിയിൽ മലയാളിക്ക് രക്ഷകനായ യുഎഇ പൗരന് ആദരവ്

അബുദാബിയിൽ മധുരരാജ സിനിമയുടെ പ്രൊമോഷൻ ചടങ്ങുകൾക്കിടെ തിരക്കിൽപെട്ട മലയാളി പെൺകുട്ടിയെ സഹായിച്ച യുഎഇ പൗരന് പൊലീസിന്റെ ആദരവ്. നാലുവയസുകാരി ജെസ്സ ഫാത്തിമയെയാണ് സന്നദ്ദസേവകൻ സഹായിച്ചത്. സമൂഹമാധ്യമങ്ങളിൽ വീഡിയോ വൈറലായതോടെയാണ് അബുദാബി പൊലീസിന്റെ ആദരം.

മധുരരാജ സിനിമയുടെ പ്രചരണാർഥം അബുദാബിയിലെ മാളിലെത്തിയ മമ്മൂട്ടിയെക്കാണാനാണ് ജെസ്സയും മാതാപിതാക്കളായ സിദ്ദിഖും ഫിൻസിയുമെത്തിയത്. ഇഷ്ടതാരത്തെക്കാണാൻ ചടങ്ങു തുടങ്ങുന്നതിനും നാലുമണിക്കൂറോളം നേരത്തേയെത്തിയെങ്കിലും സ്ഥലം കിട്ടിയില്ല. അൻപതിനായിരത്തോളം ചലചിത്രപ്രേമികളാണ് മമ്മൂട്ടിയെക്കാണാൻ മാളിലെത്തിയത്. മമ്മൂട്ടിയെത്തിപ്പോൾ തിരക്കു കൂടി. ഇതിനിടയിൽ പെൺകുട്ടി ബുദ്ധിമുട്ടുന്നതു കണ്ട, ഔദ്യോഗിക സന്നദ്ധസംഘടനയിലെ അംഗമായ മുഹമ്മദ് സാലിഹ് കുട്ടിയെ സുരക്ഷിതമായി മുൻപിലേക്കെത്തിക്കുകയും മാതാപിതാക്കൾക്കു സൌകര്യമൊരുക്കുകയും ചെയ്തത്.

ഈ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായതോടെയാണ് അബുദാബി പൊലീസ് മുഹമ്മദ് സാലിഹിനെ ആദരിച്ചത്.

പ്രവാസികളടക്കമുള്ളവർക്ക് സഹായം ചെയ്യാൻ മുന്നിട്ടിറങ്ങിയ നടപടി ആദരവർഹിക്കുന്നതാണെന്നു വ്യക്തമാക്കിയാണ് പൊലീസ് ഇതിനറെ ചിത്രങ്ങൾ പൊലീസ് പുറത്തുവിട്ടത്.