കഠാരയുമായി ആക്രോശിച്ച് അക്രമി; റിയാദിൽ അലവിക്കുട്ടിയ്ക്കു രണ്ടാം ജൻമം

റിയാദ്: മരണമുഖത്ത് നിന്ന് ഭാഗ്യത്തിന് രക്ഷപ്പെട്ട ആശ്വാസത്തിലാണ് റിയാദിലെ സ്വകാര്യ കമ്പനിയിൽ ഐ ടി മാനേജറായ അലവിക്കുട്ടി ഒളവട്ടൂർ. തന്റെ കാറിന് പുറത്ത്‌ മൂര്‍ച്ചയുള്ള കത്തിയുമായി ഭീഷണി മുഴക്കി നിന്ന അക്രമിക്ക് പിടികൊടുക്കാതെ രക്ഷപ്പെട്ട അലവി തനിക്ക് സംഭവിച്ചത് സ്വപ്നമോ യാഥാർഥ്യമോ എന്ന് തിരിച്ചറിയാനാകാത്ത അവസ്ഥയിലാണ് ഇപ്പോഴും.

സാമൂഹിക പ്രവർത്തകനും എസ്‌ ഇ സി ദേശീയ ഭാരവാഹിയുമായ അലവിക്കുട്ടി ചൊവ്വാഴ്ച രാത്രി ജോലി കഴിഞ്ഞ്‌ താമസ സ്ഥലത്തെ സ്ഥിരം പാർക്കിങ്ങിൽ തന്റെ കാർ നിർത്താനൊരുങ്ങുമ്പാഴായിരുന്നു സംഭവം. കറുത്ത വംശജനായ യുവാവ്‌ പുറകിൽ എത്തി സൈഡ്‌ ഗ്ലാസിൽ അടിച്ച്‌ പണം ആവശ്യപ്പെടുകയായിരുന്നു. എന്നാൽ അലവിക്കുട്ടി വാഹനം തുറന്നില്ല. ‌ഇതോടെ അക്രമി രോഷാകുലനാകുകയും കഠാര എടുത്ത്‌ പുറത്ത്‌‌ ചില അഭ്യാസങ്ങൾ കാണിക്കുകയും വാഹനത്തിന്റെ ചില്ല് കുത്തിപ്പൊട്ടിക്കുകയും ചെയ്തു. 

പന്തികേട് തിരിച്ചറിഞ്ഞ അലവിക്കുട്ടി വാഹനം സെന്റർ ലോക്ക്‌ ഇട്ട്‌ അതിനുള്ളിൽ തന്നെ ഭയത്തോടെ ഇരിന്നു. വെളിയിൽ ഡ്രൈവറുടെ ഭാഗത്തെ മതിലും ചില്ലിലെ കൂളിങ് സ്റ്റിക്കറുമാണ്‌ താൽകാലികമായെങ്കിലും തന്നെ തുണച്ചതെന്ന് അലവിക്കുട്ടി മനോരമ ഓൺലൈനിനോട്‌ പറഞ്ഞു. ഇതിനിനെ എങ്ങനെയെങ്കിലും പിന്തിരിഞ്ഞ് പോകട്ടെ എന്ന നിലയിൽ 500 റിയാൽ പുറത്തേക്ക്‌ എറിഞ്ഞ്‌ കൊടുത്തെങ്കിലും അതിൽ തൃപ്തനാകാതെ ഇയാൾ പരാക്രമം തുടർന്നു. 

വാഹനത്തിന്റെ വാതിൽ തുറക്കാൻ നിരന്തരം ആക്രോശിച്ചുകൊണ്ടുമിരുന്നു. കത്തിയുമായി അഭ്യാസ പ്രകടനം നടത്തി ഒടുക്കം വാഹനത്തിന്റെ ബോണറ്റിൽ കയറി ഇരുന്നതോടെ ധൈര്യം വീണ്ടെടുത്ത് രണ്ടും കൽപിച്ച്‌‌ അലവിക്കുട്ടി ഇറങ്ങി ഓടുകയായിരുന്നു. ഭാഗ്യത്തിന്‌ അത്‌ വഴി വന്ന പാക്കിസ്ഥാൻ സ്വദേശിയുടെ ലിമോസിനി(ടാക്ലി)ൽ കയറി മരണമുഖത്ത്‌ നിന്ന് രക്ഷപ്പെട്ടു. 

തന്റെ രണ്ടാം ജന്മമാണിതെന്നാണ് അലവിക്കുട്ടി സംഭവത്തെ വിശേഷിപ്പിക്കുന്നത്. വിവരങ്ങൾ അന്വേഷിച്ച തന്റെ പാക്കിസ്ഥാനി സുഹൃത്ത്‌ ഓടിച്ച മറ്റൊരു വാഹനവും കൂട്ടി സംഭവസ്ഥലത്തേക്ക്‌ തിരിച്ച്‌ വന്നെങ്കിലും അപ്പോഴേയ്ക്കും അക്രമി രക്ഷപ്പെട്ടിരുന്നു. പിന്നീട് പൊലീസിൽ വിവരമറിയിച്ചു. റിയാദ്‌ കേന്ദ്രീകരിച്ച്‌ നടക്കുന്ന ഇത്തരം അനിഷ്ട സംവങ്ങളിൽ മലയാളികൾ ഉൾപ്പെടെ വിദേശികൾ ഭീതിയിലാണ്‌. രാത്രി സമയങ്ങളിലും വിജനമായ ഗല്ലികളിലും ഒറ്റയ്ക്ക്‌ സഞ്ചരിക്കുന്നവർക്ക്‌ നേരെ  സമാനമായ അനുഭവങ്ങൾ തുടർക്കഥയാവുകയാണ്‌.