അവധിക്കു ഗൾഫിൽ കൊണ്ടുപോകുമോ എന്നു മക്കൾ; ടിക്കറ്റ് നിരക്കിൽ ഞെട്ടി പ്രവാസി മലയാളികൾ

കേരളത്തിൽനിന്ന് ഗൾഫിലേക്ക് വിമാന ടിക്കറ്റ് നിരക്ക് കുത്തനെ കൂട്ടിയത് പ്രവാസി കുടുംബങ്ങളെ വെട്ടിലാക്കി. നാട്ടിൽ സ്കൂൾ പൂട്ടിയ ശേഷം കുടുംബത്തെ ഗൾഫിലേക്ക് കൊണ്ടുവരാൻ ആഗ്രഹിച്ചവരുടെ മോഹത്തിന് എയർലൈനുകൾ വിലയിട്ടത് 200 മുതൽ 400% വരെ അധിക നിരക്ക്. ഇതോടെ പല കുടുംബങ്ങളും യാത്ര മാറ്റിവച്ചു. മക്കളുടെ പഠനം നഷ്ടമാകരുതെന്ന് കരുതിയാണ് സ്കൂൾ അവധിക്കാലത്തേക്ക് കുടുംബങ്ങൾ യാത്ര തിരഞ്ഞെടുക്കുന്നത്. എന്നാൽ ഏപ്രിൽ, മേയ് മാസങ്ങളിൽ യാത്ര കൈപൊള്ളിക്കുമെന്നറിഞ്ഞ പല പ്രവാസി കുടുംബങ്ങളും യാത്ര റദ്ദാക്കി. കുറച്ചു നാളത്തെ പഠനം പോയാലും യാത്ര ഓഫ് സീസണിലേക്ക് മാറ്റിവച്ചവരും ഏറെ.

 ‘കൂട്ടുകാരെല്ലാം അവധിക്ക് ഗൾഫിലേക്കു പോകുന്നുണ്ട്. ഉപ്പ എന്നാ ഞങ്ങളെ കൊണ്ടുപോവുക’ എന്ന മക്കളുടെ ചോദ്യം ആവർത്തിച്ചപ്പോഴാണ് തൃശൂർ ചിറമനങ്ങാട് സ്വദേശിയും ദുബായിലെ ഒരു ബേക്കറിയിൽ ഡ്രൈവറുമായ ഉബൈദ് ഭാര്യയും 3 മക്കളുമടങ്ങുന്ന കുടുംബത്തിന് പാസ്പോർട്ടെടുത്തത്. പക്ഷേ 4 അംഗകുടുബത്തിന് റിട്ടേൺ ടിക്കറ്റിന് വിവിധ എയർലൈനുകളിൽ 3 മുതൽ 5 ലക്ഷത്തോളം രൂപയാകുമെന്ന് കേട്ട് ഞെട്ടിയിരിക്കുകയാണ് ഉബൈദ്. കുറഞ്ഞ ശമ്പളക്കാരനായ ഉബൈദിന്റെ ഒരു വർഷത്തെ ശമ്പളം മാറ്റിവച്ചാൽ പോലും  ടിക്കറ്റിനു പണം തികയില്ല’കൊച്ചി-ദുബായ്-കൊച്ചി സെക്ടറിൽ മാർച്ച് 31ന് വന്ന് മേയ് 15ന് പോകാൻ നാലംഗ കുടുംബത്തിന് സ്പൈസ് ജെറ്റിൽ 13,582 ദിർഹം (2.58 ലക്ഷം), കണക്‌ഷൻ ഫ്ളൈറ്റായിട്ടും എയർ ഇന്ത്യയിൽ 14,560 ദിർഹം (2.76 ലക്ഷം), എമിറേറ്റ്സിൽ 20823 (3.97 ലക്ഷം രൂപ), ഇത്തിഹാദിൽ 28340 (5.24 ലക്ഷം) എന്നിങ്ങനെയാണ് നിരക്ക്.

എയർ ഇന്ത്യ എക്സ്പ്രസ് ഉൾപ്പെടെ പല ബജറ്റ് എയർലൈനുകളിലും ടിക്കറ്റ് കിട്ടാനില്ല. പല വിമാനങ്ങളും കണക്‌ഷൻ സർവീസിനാണ് ഇത്രയും തുക ഈടാക്കുന്നത്. നേരത്തെ യാത്ര ആസൂത്രണം ചെയ്യാൻ സാധിക്കാത്തവർക്കാണ് ടിക്കറ്റ് നിരക്ക് ഇരട്ട പ്രഹരമായത്. നേരിട്ടുള്ള വിമാനങ്ങൾക്കുള്ള നിരക്കിനോളമോ അതിലേറെയോ തുക എട്ടും പത്തും മണിക്കൂറിലേറെയുള്ള കണക്‌ഷൻ വിമാനങ്ങളിലെ ടിക്കറ്റിനും നൽകണം മൂന്നു മാസം മുൻപാണ് പൊന്നാനി സ്വദേശി സർക്കീർ ടിക്കറ്റെടുത്തത്. കൊച്ചിയിൽനിന്ന് അബുദാബിയിലേക്ക് ഇൻഡിഗോയിൽ ടിക്കറ്റെടുത്ത സക്കീറിന് ഭാര്യക്കും 3 മക്കൾക്കും കൂടി 3600 ദിർഹമിന് ( ഏകദേശം 67, 968 രൂപ) ലഭിച്ചു. ഇതാണ് ഇപ്പോൾ 13,582 മുതൽ 28,340 ദിർഹം വരെയാക്കി കൂട്ടിയത്.

ഈസ്റ്ററിനും വിഷുവിനുമെല്ലാം പ്രവാസികൾ പോകാനും വരാനും തയാറാകുമെന്ന് മുൻകൂട്ടിക്കണ്ട എയർലൈനുകൾ ഏപ്രിൽ 20 വരെ ഉയർന്ന നിരക്കാണ് ഇട്ടിരിക്കുന്നത്. ഇതിനു പിന്നാലെ റമസാൻ എത്തുന്നതോടെ മേയ്, ജൂണിൽ നിരക്കു കൂട്ടാൻ മറ്റൊരു കാരണമായി. മധ്യവേനൽ അവധിയായ ജൂലൈ, ഓഗസ്റ്റ് മാസങ്ങളിൽ നിരക്ക് റോക്കറ്റ് വേഗത്തിൽ കൂടും. നാട്ടിൽ പോയവർ കൂടുതലും തിരിച്ചെത്തുന്നത് സെപ്റ്റംബറിൽ ആയതിനാൽ നിരക്ക് 15 വരെ ഉയർന്നിരിക്കും.നിരക്കു കൂട്ടുന്നതിൽ എല്ലാ എയർലൈനുകളും ഒറ്റക്കെട്ടാണ്.

പറയാൻ കാരണങ്ങൾ പലത്

മാസങ്ങൾക്കുമുൻപ് യാത്ര ആസൂത്രണം ചെയ്യുകയും ടിക്കറ്റെടുക്കുകയും ചെയ്തവർക്കു മാത്രമേ നാട്ടിലേക്കും തിരിച്ചുമുള്ള ഇത്തവണത്തെ യാത്ര ഗുണകരമാകൂ. കേരള-ഗൾഫ് സെക്ടറിൽ രണ്ടാഴ്ച മുൻപ് ലഭ്യമായിരുന്ന വിമാന ടിക്കറ്റിന് നാലും അഞ്ചും ഇരട്ടിയായി വില. ജെറ്റ് എയർവേയ്സ് ഗൾഫ്-കേരള സെക്ടറിൽനിന്ന് പിൻവലിച്ചതും വിവിധ വിമാന കമ്പനികൾ ബോയിങ് മാക്സ് വിമാനങ്ങൾ പിൻവലിച്ചതും സെക്ടറിൽ സീറ്റിന്റെ ലഭ്യത കുറച്ചു. ഇതും കാരണമായി ചൂണ്ടിക്കാട്ടിയാണ് നിരക്ക് വർധന. എയർഇന്ത്യ ദുബായ് സെക്ടറിലുള്ള ഡ്രീം ലൈനർ പിൻവലിച്ച് പകരം ചെറിയ വിമാനമിട്ടതും സീറ്റ് ലഭ്യത കുറച്ചു. ഇതും നിരക്ക് കൂട്ടി. യുഎഇ, ഖത്തർ ഉൾപ്പെട വിവിധ ജിസിസി രാജ്യങ്ങൾ സന്ദർശക, വിനോദസഞ്ചാര വീസ നിയമങ്ങൾ ലളിതമാക്കിയതോടെ നാട്ടിൽനിന്ന് ഗൾഫിലേക്കുള്ള യാത്രക്കാരുടെ എണ്ണം കൂടി. ഇടത്തരം കുടുംബങ്ങളാണ് കൂടുതലും. ഓപൺസ്കൈ പോളിസിയിലൂടെ കണ്ണൂർ അടക്കം എല്ലാ വിമാനത്താവളങ്ങളിലേക്കും കൂടുതൽ വിദേശ വിമാന സർവീസിന് അനുമതി നൽകിയാൽ മത്സരം മുറുകും. ഇതു നിരക്ക് കുറയാൻ ഇടയാക്കുമെന്നാണ് ട്രാവൽ രംഗത്തുള്ള വിദഗ്ധരുടെ വിലയിരുത്തൽ.

നിരക്ക് ഇങ്ങനെ

കൊച്ചി-ദുബായ്-കൊച്ചി സെക്ടറിൽ മാർച്ച് 31ന് വന്ന് മേയ് 15ന് പോകാൻ നാലംഗ കുടുംബത്തിന് സ്പൈസ് ജെറ്റിൽ 13,582 ദിർഹം (2.58 ലക്ഷം), കണക്‌ഷൻ ഫ്ളൈറ്റായിട്ടും എയർ ഇന്ത്യയിൽ 14,560 ദിർഹം (2.76 ലക്ഷം), എമിറേറ്റ്സിൽ 20823 (3.97 ലക്ഷം രൂപ), ഇത്തിഹാദിൽ 28340 (5.24 ലക്ഷം)