ദുബായ് പൊലീസിനെ ഞെട്ടിച്ച് മലയാളി പെൺകുട്ടി; അഭിനന്ദന നിറവ്; വിഡിയോ

അറബിക് ഭാഷയിൽ പ്രതിജ്ഞചൊല്ലി മലയാളി വിദ്യാർഥിനി ഞെട്ടിപ്പിച്ചത് ദുബായ് പൊലീസിനെ! ദുബായ് പൊലീസ് ജീവനക്കാരുടെ മക്കൾ പഠിക്കുന്ന കറാമയിലെ ഹിമായ സ്കൂൾസിൽ നടന്ന പരിശീലന പരിപാടിയുടെ സമാപന ചടങ്ങിലാണ് ഇവിടുത്തെ വിദ്യാർഥിനി കൂടിയായ നിക്കോൾ അറബ് രാജ്യത്തിന്റെസ്വന്തം ഭാഷയായ അറബിക്കിൽ സത്യപ്രതിജ്ഞ ചെയ്തത്. 

അക്ഷരസ്ഫുടതയോടും ചടലതയോടെയുമുള്ള നിക്കോളിന്റെ അറബിക് കേട്ട് സ്ഥലത്തുണ്ടായിരുന്ന ദുബായ് പൊലീസ് കമാൻഡർ ഇൻ ചീഫ് മേജർ ജനറൽ അബ്ദുല്ല ഖലീഫ അൽ മർറി അടക്കമുള്ളവർ വിസ്മയം പ്രകടിപ്പിക്കുകയും നിക്കോളിനെ അഭിനന്ദിക്കുകയും ചെയ്തു. ദുബായ് പൊലീസ് തന്നെ തങ്ങളുടെ ട്വിറ്റർ അക്കൗണ്ടില്‍ നിക്കോള്‍ പ്രകടനം നടത്തുന്ന വിഡിയോ ട്വീറ്റ് ചെയ്തു.

ഹിമായ സ്കൂൾസിൽ ചേരുന്നതുവരെ ദുബായ് പൊലീസ് തലവന്മാരുടെ മുൻപിൽ തനിക്ക് അറബിക്കിൽ പ്രതിജ്ഞ ചൊല്ലാൻ സാധിക്കുമെന്ന് നിക്കോൾ വിശ്വസിച്ചിരുന്നില്ലെന്ന് അധികൃതർ പറഞ്ഞു. പൊതുജനങ്ങളെ അഭിമുഖീകരിക്കാൻ മാത്രമല്ല, ഒഴുക്കോടെ അറബിക് സംസാരിക്കാനുമുള്ള പേടിയാണ് ഇതോടെ ഇല്ലാതായത്. ഹിമായ സ്കൂള്‍സിൽ നിന്ന് ലഭിച്ച പരിശീലനം തനിക്ക് വലിയ ആത്മവിശ്വാസം നൽകിയതായി നിക്കോൾ പിന്നീട് പറഞ്ഞു. 

ഒരു വ്യക്തിയിലേയ്ക്കുള്ള പ്രയാണത്തിന് ഇൗ മാർഗനിർദേശങ്ങൾ കരുത്തുപകർന്നു. താനൊരു പുതിയ വ്യക്തിയായി മാറിയെന്നും നിക്കോള്‍ പറഞ്ഞു. ഇതിന് അവസരമൊരുക്കിയ ഭരണാധികാരികൾക്കും ദുബായ് പൊലീസിനും നിക്കോളിന്റെ പിതാവ് നന്ദി പറഞ്ഞു. ലോകത്തെ ഏറ്റവും സുരക്ഷിതമായ രാജ്യങ്ങളിലൊന്നായ യുഎഇയിൽ മകൾക്ക് ഇത്തരമൊരു പരിശീലനത്തിന് അവസരം ലഭിച്ചത് അപൂർവ ഭാഗ്യമായി കരുതുന്നു.

വിദ്യാഭ്യാസ മന്ത്രാലയത്തിന്റെയും നോളജ് ആൻഡ് ഹ്യൂമൻ ഡെവലപ്മെന്റ് അതോറിറ്റി(കെഎച്‍ഡിഎ) യുടെയും സഹകരണത്തോടെ ദുബായ് പൊലീസ് നടത്തുന്ന വിദ്യാലയമാണ് ഹിമായ സ്കൂൾസ്. ദുബായ് പൊലീസ് ജീവനക്കാരുടെ മക്കൾക്ക് സൗജന്യവും ഗുണമേന്മയേറിയതുമായ വിദ്യാഭ്യാസം ഇൗ സ്കൂൾ വാഗ്ദാനം ചെയ്യുന്നു. കഴിഞ്ഞ വർഷം സെപ്റ്റംബറിലാണ് സ്കൂൾ ആരംഭിച്ചത്.