വമ്പൻ പദ്ധതികളുമായി സൗദി രാജകുമാരൻ; റിയാദിനെ ഹരിതനഗരമാക്കും

സൌദിയുടെ തലസ്ഥാനമായ റിയാദിനെ ഹരിതനഗരമാക്കുന്നതടക്കം നാലു വമ്പൻ പദ്ധതികളുമായി സൌദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ. എൺപത്തിയാറു ബില്യൺ സൌദി റിയാൽ മുതൽമുടക്കുള്ള പദ്ധതിയിലൂടെ വൻ തൊഴിൽ അവസരങ്ങളാണ് പ്രതീക്ഷിക്കുന്നത്.

സൌദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻറെ വിഷൻ 2030 യുടെ ഭാഗമായാണ് നാലു പദ്ധതികൾ പ്രഖ്യാപിച്ചത്. കിംങ് സൽമാൻ പാർക്ക്, ഗ്രീൻ റിയാദ്, സ്പോർട്സ് ലൈൻ, റിയാദ് ആർട്ട് എന്നിവയാണ് സൌദി ഭരണാധികാരി സൽമാൻ രാജാവ് പ്രഖ്യാപിച്ച പദ്ധതികൾ. ലോകത്തിലെ തന്നെ ഏറ്റവും വലിയ ഹരിതനഗര പദ്ധതിയായിരിക്കും ഗ്രീൻ റിയാദ്. പദ്ധതി യാഥാർഥ്യമാവുമ്പോൾ റിയാദ് നഗരത്തിൻറെ പച്ചപ്പ് 16 ഇരട്ടി വർധിക്കും. 75 ലക്ഷം മരങ്ങൾ പദ്ധതിയിലൂടെ വച്ചുപിടിപ്പിക്കും. 135 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള സൈക്ലിംഗ് പാതയും അത്‌ലറ്റിക്‌സ് ട്രാക്കും ഉള്‍പ്പെടെയുള്ളതാണ് സ്പോർട്സ് ലൈൻ കായിക പദ്ധതി. ലോകത്തിലെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള കലാകാരന്മാരുടെയും ചിത്രകാരന്മാരുടെയും സംഗമ കേന്ദ്രമായിരിക്കും റിയാദ് ആർട്. പതിമൂന്നു കിലോമീറ്റർ ചുറ്റളവിൽ ലോകത്തിലെ ഏറ്റവും വലിയ പാർക്കായിരിക്കും കിംങ് സൽമാൻ പാർക്ക്. വിനോദസഞ്ചാരം, നിർമാണം, കായികം തുടങ്ങി വിവിധ മേഖലകളിലായി എഴുപതിനായിരത്തോളം തൊഴിലവസരങ്ങൾ ഈ പദ്ധതികളുടെ ഭാഗമായി സൃഷ്ടിക്കപ്പെടും.