പ്രവാസ ജീവിതം മതിയാക്കി മടങ്ങാനുള്ള ഒരുക്കത്തിനിടെ മലയാളി ദുബായിൽ നിര്യാതനായി

ദുബായ്: പ്രവാസ ജീവിതം മതിയാക്കി നാട്ടിലേയ്ക്ക് മടങ്ങാനുള്ള ഒരുക്കത്തിനിടെ മലയാളി ദുബായിൽ നിര്യാതനായി. പയ്യന്നൂര്‍ സ്വദേശിയും ദുബായിലെ കാനൂ ഗ്രൂപ്പിന്റെ ഷിപ്പിങ് കമ്പനിയിൽ ജീവനക്കാരനുമായ കളപ്പില്‍ വീട്ടില്‍ രാമകൃഷ്ണന്‍ (58) ആണ് മരിച്ചത്. 

38 വര്‍ഷമായി കാനൂ ഗ്രൂപ്പില്‍ ജോലി ചെയ്യുന്ന ഇദ്ദേഹം പ്രവാസ ജീവിതം മതിയാക്കി നാട്ടില്‍ സ്ഥിര താമസത്തിന് തയ്യാറെടുക്കുകയായിരുന്നു. മൂത്ത മകനും ബംഗ്ലൂരുലെ ഐബിഎം ജീവനക്കാരനുമായ ജിബിന്റെ വിവാഹത്തില്‍ പങ്കെടുത്ത് ഒരാഴ്ച മുമ്പാണ് ദുബായില്‍ തിരിച്ചെത്തിയത്. ഭാര്യ ജയശ്രിയുമൊത്ത് ദുബായിലായിരുന്നു താമസം. രണ്ടാമത്തെ മകന്‍ മിഥുന്‍ ഇന്‍ഡോര്‍ ഐഐഎം വിദ്യാര്‍ത്ഥിയാണ്.