സ്വാതന്ത്ര്യത്തിന്റെ 28-ാം വാർഷികം ആഘോഷിച്ച് കുവൈത്ത്

സ്വാതന്ത്ര്യ, വിമോചന ദിനാഘോഷങ്ങളുടെ നിറവിൽ കുവൈത്ത്. ബ്രിട്ടീഷ് അധീനതയിൽ നിന്നും സ്വാതന്ത്ര്യം ലഭിച്ചതിന്റെ അമ്പത്തിയെട്ടാം വാർഷികവും ഇറാഖ് അധിനിവേശത്തിൽ നിന്നും മോചിപ്പിക്കപ്പെട്ടതിന്റെ ഇരുപത്തിയെട്ടാം വാർഷികവും ആണ് ഇന്നും നാളെയുമായി കുവൈത്ത് ജനത ആഘോഷിക്കുന്നത്.

അടിമത്വവും അരാജകത്വവും മറികടന്ന സ്വാതന്ത്യ വിമോചന പ്രഖ്യാപനത്തിൻറെ ഓർമകളിലാണ് കുവൈത്ത് ജനത. സ്വാതന്ത്ര്യ ദിനവും വിമോചന ദിനവും ആചരിക്കുന്ന ലോകത്തെ ഏക ജനത. സ്വാതന്ത്ര്യദിനത്തിൽ കുവൈത്ത് അമീര്‍ ഷെയ്ഖ് സബ അല്‍ അഹമ്മദ് അല്‍ ജാബിര്‍ അല്‍ സബ രാഷ്ട്രത്തെ അഭിസംബോധന ചെയ്തു. അധിനിവേശത്തില്‍ നിന്നും രാജ്യത്തെ സംരക്ഷിക്കുകയും പുനര്‍ നിർമിക്കുന്നത് ധീരമായ നേതൃത്വം നല്‍കിയവരേയും അമീർ അനുസ്മരിച്ചു.  

വീടുകളും തെരുവുകളും ദേശീയ പതാകയാൽ അലങ്കരിച്ചും വർണവെളിച്ചം തെളിച്ചുമാണ് സ്വദേശികൾ ആഘോഷം തുടരുന്നത്. മലയാളികളടക്കമുള്ള വിദേശികളും ആഘോഷങ്ങളുടെ ഭാഗമാകുന്നുണ്ട്. ആഭ്യന്തര മന്ത്രാലയത്തിന്റെ നേതൃത്വത്തിൽ രാജ്യമെങ്ങും സുരക്ഷിതത്വത്തോടെയുള്ള ആഘോഷങ്ങൾ നടക്കുകയാണ്. ഒട്ടകയോട്ടം പോലുള്ള പരമ്പരാഗത മത്സരങ്ങളും വിവിധ സാംസ്കാരിക പരിപാടികളും ഒരുക്കിയിട്ടുണ്ട്. അതേസമയം, കുവൈത്തിന് ഐക്യദാര്‍ഢ്യവുമായി ഗള്‍ഫ് രാജ്യങ്ങളിലും ആഘോഷങ്ങളുടെ ഭാഗമായി. യു.എ.ഇ, ഒമാൻ, ഖത്തർ, ബഹ്റൈൻ, സൌദി അറേബ്യ തുടങ്ങിയ രാജ്യങ്ങളുടെ ഭരണകർത്താക്കൾ കുവൈത്ത് ജനതയ്ക്ക് ആശംസയറിയിച്ചു.