ഫാത്തിമയുടെ സങ്കടക്കരച്ചില്‍ തുണച്ചു; ഒട്ടേറെ പ്രവാസി കുടുംബങ്ങൾ ഗള്‍ഫിലേക്ക്

ഹലോ ഉപ്പച്ചി.. അമ്മായി പറഞ്ഞു ഇപ്പോ ദുബായിക്ക് പോകാൻ കൊറച്ച് പൈസേള്ളൂ.. ഞങ്ങൾക്കെല്ലാവർക്കും ട‌ിക്കറ്റിന് പയിനയ്യായിരം ഉറുപ്യേ ആവുള്ളൂന്ന്.. ഹാപ്പി ന്യൂ ഇയറിന്റെ ഇതാണെന്ന്.. ഉപ്പച്ചീ പ്ലീസ്.. എന്റെ ക്ലാസിലെ 4 കുട്ടികൾ ഇപ്രാവശ്യം ഗൾഫിക്ക് പോകുന്ന്.. പ്ലീസ് ഉപ്പ... ഞങ്ങളെ ഒന്നു കൊണ്ടുപോകുപ്പാ..നല്ല ഉപ്പച്ചിയല്ലേ... കൊറേ ദിവസത്തിനൊന്നും മാണ്ട.. ഒരു മാസത്തേന് മതി..–മലയാളികളെ കരയിച്ച ഫാത്തിമ ഫിദയുടെ സങ്കടപ്പറച്ചിൽ ഗൾഫിലേയ്ക്കുള്ള വഴി തുറക്കുന്നത് ഇത്തരത്തിൽ മരുഭൂമിയിലെ കൗതുകങ്ങൾ കാണാൻ കൊതിക്കുന്ന ഒട്ടേറെ കുടുംബങ്ങൾക്ക്. 

മലപ്പുറം കോട്ടൂർ എകെഎം സ്‌കൂൾ വിദ്യാർഥിനി ഫാത്തിമ ഫിദയാണ് അൽ അൽഎെനിലെ സ്വദേശി വീട്ടിൽ വർഷങ്ങളായി  ജോലി ചെയ്യുന്ന പിതാവിന് യുഎഇയെയും ഉപ്പയെയും കാണാനുള്ള ആഗ്രഹം ശബ്ദ സന്ദേശത്തിലൂടെ പ്രകടിപ്പിച്ചത്. ഇൗ നൊമ്പര ശബ്ദം വർഷങ്ങളായി കുടുംബത്തെ ഗൾഫ് കാണിക്കാൻ സാധിക്കാത്ത പാവപ്പെട്ട പ്രവാസികളുടെ ജീവിതം വെളിച്ചത്തു കൊണ്ടുവന്നു. ഇത്തരത്തിൽ കുടുംബത്തെ വേർപിരിഞ്ഞ് കഠിനാധ്വാനം ചെയ്യുന്ന 10 പാവപ്പെട്ട പ്രവാസി കുടുംബങ്ങളെ കൊണ്ടുവരാൻ തങ്ങൾ ഒരുക്കം ആരംഭിച്ചതായി യുഎഇയിലെ സ്മാർട്ട് ട്രാവൽ മനോജിങ് ഡയറക്ടർ  അഫി അഹമ്മദ് പറഞ്ഞു. തന്റെ ഫെയ്സ് ബുക്ക് പേജിലൂടെ പൊതു ജനങ്ങൾ നിർദേശിക്കുന്ന അർഹരായ കുടുംബങ്ങളെയാണ്  അറബ് നാടിന്റെ വർണക്കാഴ്ചകൾ കാണാൻ കൊണ്ട് വരിക. ഇതുമായി ബന്ധപ്പെട്ട് ഫെയ്സ്ബുക്കിൽ പോസ്റ്റ്‌ ചെയ്ത വിഡിയോക്ക് വൻ സ്വീകാര്യതയാണ് ലഭിക്കുന്നത്. ഇതിനകം  ഏഴു പാവപ്പെട്ട പ്രവാസി കുടുംബങ്ങളെ സ്മാർട്ട് ട്രാവൽ തിരഞ്ഞെടുത്തിട്ടുണ്ട്. 

സൗദി അറേബ്യയിൽ ജോലി ചെയ്യുന്ന നാടക നടൻ കൂടിയായ ജലാൽ പേഴയ്ക്കാപ്പിളി ഫാത്തിമ ഫിദയുടെ സങ്കട ശബ്ദമുപയോഗിച്ച് നിർമിച്ച ഒരു മിനിറ്റ് ദൈർഘ്യമുള്ള വീഡിയോ സമൂഹ മാധ്യമങ്ങൾ ഏറ്റെടുക്കുകയായിരുന്നു. ഗൾഫിൽ ആട് മേയ്ക്കുന്ന ഒരാളുടെ ജീവിതം പറയുന്ന വിഡിയോയിൽ ഗൾഫ് കാണാൻ ആഗ്രഹം  പറയുന്ന മകളുടെ ശബ്ദം കേട്ട് സങ്കടപ്പെടുന്ന ഉപ്പയുടെ വികാരങ്ങൾ ജമാൽ തന്മയത്വത്തോടെ അവതരിപ്പിച്ചു. ഫാത്തിമ ഫിദയുടെ പിതാവ് മുഹമ്മദ്  അൽ ഐനിലെ ഒരു അറബി വീട്ടിൽ  24 വർഷമായി പാചകക്കാരനായി ജോലി ചെയ്യുകയാണ്. അദ്ദേഹത്തിന്റെ അനുമതിയോടെ അടുത്ത സുഹൃത്താണ് ഫാത്തിമയുടെ ശബ്ദം റെക്കോർഡ് ചെയ്ത് പുറംലോകത്തെത്തിച്ചത്. ഫാത്തിമ ഫിദയുടെ ശബ്ദവും വിഡിയോയും ഓരോ പ്രവാസിക്കും ഹൃദയഭേദകമായി.