ബെനാമി കച്ചവടക്കാർക്കെതിരായ നടപടി കർക്കശമാക്കാനൊരുങ്ങി ഒമാൻ

ബെനാമി കച്ചവടക്കാർക്കെതിരായ നടപടി കർക്കശമാക്കാനൊരുങ്ങി ഒമാൻ വാണിജ്യ വ്യവസായ മന്ത്രാലയം. ഇതിനായി പ്രത്യേക നിയമനിർമാണം പരിഗണനയിലാണെന്നു അധികൃതർ അറിയിച്ചു. ഒമാനി പൗരന്റെ പേരും ലൈസൻസും ഉപയോഗിച്ച് വിദേശികൾ നടത്തുന്ന കച്ചവട സ്ഥാപനങ്ങളാണ് നിയമത്തിന്റെ പരിധിയിൽ വരുന്നത്.

ഒമാൻ പൗരെൻറ പേരും ലൈസൻസും ഉപയോഗിച്ച് വിദേശികൾ നടത്തുന്ന സ്ഥാപനങ്ങൾ,  വിദേശ നിക്ഷേപകൻ മറ്റൊരു വിദേശിയുടെ പേരിൽ പ്രവർത്തിക്കുക തുടങ്ങിയവയാണ് ബെനാമി കച്ചവടത്തിൻറെ പരിധിയിൽ വരുകയെന്നു വാണിജ്യ വ്യവസായ മന്ത്രാലയം വ്യക്തമാക്കി. സ്വദേശികളുടെ പേരിലുള്ള വാണിജ്യ റജിസ്ട്രേഷനും ലൈസൻസും, പണത്തിനു വേണ്ടി വിദേശികൾക്കു ഉപയോഗിക്കാൻ അനുമതി നൽകുന്നതു റിപ്പോർട്ട് ചെയ്യപ്പെട്ട സാഹചര്യത്തിലാണ് നിയമനിർമാണത്തിനൊരുങ്ങുന്നത്. ബെനാമി കച്ചവടം പെരുകുന്നത് സ്വദേശികളുടെ തൊഴിലവസരങ്ങൾ കുറയാനും സ്വദേശിവത്കരണ നയങ്ങളെ പ്രതികൂലമായി ബാധിക്കാനും കാരണമാകുന്നതായി മന്ത്രാലയം വ്യക്തമാക്കി. ഇത്തരം വ്യാപാരത്തിലൂടെ ലഭിക്കുന്ന ലാഭത്തിലേറെയും  രാജ്യത്തിന് വെളിയിലേക്കാണ് പോകുന്നത്. അത് സാമ്പത്തിക വളർച്ചയെ പ്രതികൂലമായി ബാധിക്കുമെന്നും അതിനാലാണ് നിയമ നിർമാണം ആലോചനയിലുള്ളതെന്നും മന്ത്രാലയം അറിയിച്ചു.