ഗാർഹിക തൊഴിലാളികൾക്കുള്ള വീസ നിയന്തിച്ച് ബഹ്റൈൻ

ബഹ്റൈനിലേക്കു ഗാർഹിക തൊഴിലാളികൾക്കുള്ള വീസ ഇനി ലേബർ മാർക്കറ്റ് റഗുലേറ്ററി അതോറിറ്റി വഴി മാത്രമായിരിക്കുമെന്നു അധികൃതർ. അടുത്ത മാസം പത്താം തീയതി മുതലായിരിക്കും അതോറിറ്റി വഴി വീസ ലഭിക്കുന്നത്. ഗാർഹിക തൊഴിലാളികൾക്കുള്ള പുതിയ തൊഴിൽ കരാറും ഉടൻ നിലവിൽ വരും. 

ബഹ്റൈൻ നാഷണാലിറ്റി, പാസ്പോര്‍ട്ട് ആൻഡ് റെസിഡന്‍റ്സ് അഫയേഴ്സ് നേരിട്ടാണ് നിലവിൽ ഗാർഹിക തൊഴിലാളികൾക്കുള്ള വീസ അനുവദിക്കുന്നത്. എന്നാൽ, മാർച്ച് 10 മുതൽ ലേബർ മാർക്കറ്റ് റഗുലേറ്ററി അതോറിറ്റി വഴിയായിരിക്കും വീസ അനുവദിക്കുകയെന്ന് എൽ.എം.ആർ.എ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ഉസാമ ബിന്‍ അബ്ദുല്ല അല്‍ അബ്സി വ്യക്തമാക്കി. അതേസമയം, ഗാർഹിക തൊഴിലാളികൾക്കുള്ള പുതിയ കരാറുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾ അന്തിമഘട്ടത്തിലാണെന്നു അധികൃതർ അറിയിച്ചു. തൊഴിലാളികളുടെ അവകാശങ്ങളും ജോലിയുടെ സ്വഭാവവും കൃത്യമായി നിർവചിക്കുന്ന രീതിയിലാണ് കരാർ തയ്യാറാക്കിയിരിക്കുന്നത്. ബഹ്റൈനിലേക്ക് വരുന്നതിന് മുമ്പ് തന്നെ തൊഴിലാളികൾ കരാർ വായിച്ചു ഒപ്പിടണം. റിക്രൂട്ട്മെൻറ് ഏജൻസികളും ബഹ്റൈനിലെ സ്പോൺസർമാരും ഈ കരാർ ഓൺലൈനിൽ പ്രദർശിപ്പിച്ചിരിക്കണം. തൊഴിൽ ദാതാക്കൾക്കും റിക്രൂട്മെൻറ് ഏജൻസികൾക്കും തൊഴിലാളികൾക്കുമിടയിൽ സംശയമില്ലാതെയുള്ള ഇടപാടുകൾക്കു കരാർ വഴിയൊരുക്കുമെന്നും അധികൃതർ വ്യക്തമാക്കി.