ഡ്രോണുകൾ ആകാശത്ത് ചിത്രങ്ങൾ വരച്ചു; ദുബായ്ക്ക് മറ്റൊരു ചരിത്ര നേട്ടം; വിഡിയോ

ദുബായ്: ലോക റെക്കോർ‍ഡുകളുടെ സ്വന്തം നഗരം എന്നറിയപ്പെടുന്ന ദുബായ് കഴിഞ്ഞ ദിവസം രാത്രി മറ്റൊരു ചരിത്ര നേട്ടത്തിലേയ്ക്ക് പ്രവേശിച്ചു. 300 ഡ്രോണുകൾ ഉപയോഗിച്ച് ദുബായ് പൊലീസിന്റെ നേതൃത്വത്തിൽ നടത്തിയ പ്രകടനം ആകാശത്ത് ദുബായ് ഭരണാധികാരികളുടെ ചിത്രങ്ങൾ വരച്ചപ്പോൾ, ഡ്രൈവറില്ലാത്ത വാഹനം ആകാശത്ത് നടത്തിയ ഏറ്റവും വലിയ പ്രകടനമായി ഇത് ലോക റെക്കോർ‍ഡിൽ ഇടം പിടിച്ചു.

ദുബായ് പൊലീസ് 50–ാം വാർഷികം ആഘോഷിക്കുന്നതിന്റെ ഭാഗമായാണ് റെക്കോർ‍ഡ് ശ്രമം നടത്തിയത്. യുഎഇ വൈസ് പ്രസിഡൻ്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം, ദുബായ്  കിരീടാവകാശി ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം എന്നിവരുടെ ചിത്രങ്ങളാണ് ആകാശത്ത് പ്രത്യക്ഷപ്പെട്ടത്. ഷെയ്ഖ് മുഹമ്മദിന് നന്ദി എന്ന വാചകവും  2019 സഹിഷ്ണുതാ വർഷമായി യുഎഇ ആചരിക്കുന്നതും വിഷയമായി. 10 മിനിറ്റുകൾ നീണ്ടുനിന്ന പ്രകടനം നേരിട്ട് വീക്ഷിക്കാൻ  ഷെയ്ഖ് ഹംദാൻ എത്തിയിരുന്നു.