മന്ത്രവാദം, കൂടോത്രം; ദുബായ് വിമാനത്താവളത്തില്‍ 47.6 കിലോ വസ്തുക്കൾ പിടിച്ചെടുത്തു

ദുബായ്: മന്ത്രവാദത്തിനും ക്ഷുദ്ര പ്രവൃത്തികൾക്കും വേണ്ടി കടത്തിയ 47.6 കിലോ വസ്തുക്കൾ പിടിച്ചെടുത്തതായി ദുബായ് കസ്റ്റംസ് അധികൃതർ . ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്നും തപാൽ ഉരുപ്പടികളായും യാത്രക്കാർ വഴിയുമാണ് ഈ വസ്തുക്കൾ വിമാനത്താവളത്തിലെത്തിയത്.

കഴിഞ്ഞ വർഷം നടത്തിയ 12 കസ്റ്റംസ് പരിശോധനകളിലാണ് മന്ത്രവാദ വസ്തുക്കളുടെ കടത്ത് തടഞ്ഞത്. വ്യക്തികളുടെ വിലാസത്തിൽ വീടുകളിൽ എത്തിച്ചു കൊടുക്കുന്ന രീതിയിലാണ് കൂടോത്ര വസ്തുക്കൾ പായ്ക്ക് ചെയ്തിരുന്നത്. 

ഏലസ്സുകൾ, ചരടുകൾ, മൃഗത്തോലുകൾ, പലതരം മന്ത്രങ്ങൾ കുറിച്ച കടലാസുകൾ, മാരണത്തിനു ഉപയോഗിക്കുന്ന ചില പുസ്തകങ്ങൾ എന്നിവയാണ് പിടിച്ചെടുത്തവയിൽ ഉണ്ടായിരുന്നതെന്നു ദുബായ് കസ്റ്റംസ് അധികൃതർ വെളിപ്പെടുത്തി.

ആഫ്രിക്കയിൽ നിന്നുമെത്തിയ ഒരു യാത്രക്കാരനിൽ നിന്നു മാത്രം പത്തര കിലോ മന്ത്രവാദ വസ്തുക്കൾ പിടിച്ചെടുത്തിരുന്നു. ഇത്തരം കുറ്റകൃത്യങ്ങൾ തടയാൻ സർക്കാർ സംവിധാനങ്ങളുടെ സംയുക്ത സഹകരണവും സമൂഹത്തിൽ ബോധവൽക്കരണവും വേണമെന്ന് കസ്റ്റംസ് അധികൃതർ അഭിപ്രായപ്പെട്ടു. 2017 ലും 30 കിലോ സമാന വസ്തുക്കൾ വിവിധ ടെർമിനുകളികളിൽ നടത്തിയ പതിനാറ് പരിശോധനകളിൽ ഉദ്യോഗസ്ഥർ പിടിച്ചെടുത്തിരുന്നു.