സദാം ഹുസൈന് അഭയം വാഗ്ദാനം ചെയ്തിരുന്നതായി ദുബായ് ഭരണാധികാരി

ഇറാഖ് പ്രസിഡൻറായിരുന്ന സദാം ഹുസൈന് അഭയം വാഗ്ദാനം ചെയ്തിരുന്നതായി ദുബായ് ഭരണാധികാരി ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തും. എൻറെ കഥ എന്ന പേരില്‍ കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ആത്മകഥയിലാണ് വെളിപ്പെടുത്തൽ. അമേരിക്കൻ അധിനിവേശത്തിനു തൊട്ടുമുൻപു സദാം ഹുസൈനെ രഹസ്യമായി സന്ദർശിച്ചിരുന്നുവെന്നും ഷെയ്ഖ് മുഹമ്മദ് വ്യക്തമാക്കി. 

തൂക്കിലേറ്റപ്പെട്ട മുന്‍ ഇറാഖ് ഭരണാധികാരി സദ്ദാം ഹുസൈന് ദുബായിൽ അഭയം വാഗ്ദാനം ചെയ്തുവെന്നും എന്നാൽ അത് നിരസിച്ചതായും ഷെയ്ഖ് മുഹമ്മദിൻറെ ആത്മകഥയായ ഖിസത്തി എന്ന എൻറെ കഥയിലാണ് വെളിപ്പെടുത്തിയിരിക്കുന്നത്. 2003 ൽ അമേരിക്കയുടെ ഇറാഖ് അധിനിവേശം ആരംഭിക്കുന്നതിന് മൂന്നു മാസം മുന്‍പ് ബസറയിലെ വീട്ടില്‍ രഹസ്യസന്ദര്‍ശനം നടത്തിയാണ് സദാമിന് അഭയം വാഗ്ദാനം ചെയ്തത്. ഇറാഖ് വിടാൻ നിർബന്ധിതനാവുകയാണെങ്കിൽ ദുബായിലേക്ക് വരണമെന്ന് ഷെയ്ഖ് മുഹമ്മദ് പറഞ്ഞു. എന്നാൽ, താൻ സംസാരിക്കുന്നത് ഇറാഖിനെ രക്ഷിക്കുന്നതിനെക്കുറിച്ചാണെന്നും സ്വയം രക്ഷപെടുന്നതിനെക്കുറിച്ചല്ലെന്നും സദാം മറുപടി നൽകി. ഈ മറുപടികേട്ട് സദാമിനോടു ബഹുമാനം വർധിച്ചുവെന്നും ഷെയ്ഖ് മുഹമ്മദ് വ്യക്തമാക്കുന്നു. അഞ്ചു മണിക്കൂറോളം നീണ്ട സംഭാഷണം വൈകാരികമായിരുന്നു. നാലു തവണ സദാം മുറിവിട്ടു പുറത്തേക്കു പോയി. മധ്യേഷയിലെ മറ്റൊരു സംഘര്‍ഷം ഒഴിവാക്കാനുള്ള ശ്രമത്തിൻറെ ഭാഗമായിരുന്നു സന്ദർശനമെന്നും അന്നു യു.എസ് പ്രസിഡൻറായിരുന്ന ജോർജ് ബുഷിനെ ഇറാഖ് അധിനിവേശത്തില്‍ നിന്നും പിന്തിരിപ്പിക്കാന്‍ ശ്രമിച്ചിരുന്നുവെന്നും ഷെയ്ഖ് മുഹമ്മദ് ഖിസ്സത്തീയില്‍ വിവരിക്കുന്നുണ്ട്. അൻപതുവർഷത്തെ രാഷ്ട്രസേവനം പൂർത്തിയാക്കിയതിൻറെ ഓർമയ്ക്കായി അൻപതു അധ്യായങ്ങളിലായാണ് ഷെയ്ഖ് മുഹമ്മദിൻറെ പുസ്തകം പുറത്തിറങ്ങുന്നത്.