ഒമാനിൽ സ്വദേശിവത്കരണം ശക്തമാക്കുന്നു; നടപ്പാക്കുന്നത് കർശന നയങ്ങൾ

ഒമാനിൽ വ്യവസായ, വിനോദസഞ്ചാര മേഖലകളിൽ സ്വദേശിവത്കരണം ശക്തമാക്കുന്നു. ചരക്കുഗതാഗത മേഖലയിലെ സ്വദേശിവത്കരണ തോതിൽ ഈ വർഷം മാറ്റമുണ്ടാകില്ല. ആരോഗ്യമേഖലയിലടക്കം സ്വദേശിവൽക്കരണം ശക്തമാക്കിയതിനു പിന്നാലെയാണ് പുതിയ നീക്കം.

ഒമാനിലെ വ്യവസായമേഖലയിൽ 2017ൽ 32.5 ശതമാനമായിരുന്നു സ്വദേശിവത്കരണ തോത്. ഇത് കഴിഞ്ഞ വർഷം 33 ശതമാനമായി ഉയർത്തി. ഈ വർഷം 34 ശതമാനമായും അടുത്തവർഷം 35 ശതമാനമായും ഉയർത്താനാണ് പദ്ധതി. വിനോദസഞ്ചാര മേഖലയിൽ സ്വദേശിവത്കരണം നാൽപ്പത്തിമൂന്നേ ദശാംശം ഒരു ശതമാനമാണ്.2020 ഓടെ 44.1 ശതമാനമായി ഉയർത്തും. 

സ്വദേശികൾക്ക് കൂടുതൽ തൊഴിൽ ലഭ്യമാക്കുന്നത് ലക്ഷ്യമിട്ട് കർശന നയങ്ങളാണ് ഒമാൻ നടപ്പാക്കിവരുന്നത്. സെയിൽസ്, മാർക്കറ്റിങ്, നിർമാണ തൊഴിലാളികൾ, ക്ലീനർമാർ, ആശാരി തുടങ്ങി വിവിധ വിഭാഗങ്ങളിൽ 2013 അവസാനം മുതൽ താൽക്കാലിക വീസ നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്. 

ഇത് ഓരോ ആറുമാസം കൂടുംതോറും പുതുക്കിവരുകയുമാണ്. കഴിഞ്ഞവർഷം ജനുവരിയിൽ ഏർപ്പെടുത്തിയ പത്ത് വിഭാഗങ്ങളിലെ 87 തസ്തികകളിലെ താൽക്കാലിക വീസ നിരോധനത്തിന്റെ കാലാവധിയും നീട്ടാനിടയുണ്ടെന്നാണ് സൂചന. 

ഈ മേഖലകളിലേക്ക് കൂടുതൽ സ്വദേശികളെ നിയമിക്കുന്നതിൻറെ ഭാഗമായാണ് വീസ നിയന്ത്രണം ഏർപ്പെടുത്തിയത്. സ്വദേശിവത്കരണത്തിന്റെ കാര്യക്ഷമത ഉറപ്പുവരുത്താൻ മന്ത്രാലയം അടുത്തിടെ ഓൺലൈൻ സംവിധാനം ആരംഭിച്ചിരുന്നു.