ഖത്തറില്‍ നികുതി വര്‍ധിപ്പിച്ചതില്‍ വിശദീകരണവുമായി ജനറല്‍ ടാക്സ് അതോറിറ്റി

ഖത്തറില്‍ എക്സൈസ് നികുതി ഇരട്ടിയായി വര്‍ധിപ്പിച്ചതില്‍ വിശദീകരണവുമായി ജനറല്‍ ടാക്സ് അതോറിറ്റി. മദ്യത്തിനും പുകയില ഉല്‍പ്പന്നങ്ങള്‍ക്കും നികുതി കൂട്ടിയത് സമൂഹത്തിൻറെ ആരോഗ്യാവസ്ഥയ്ക്കും രാജ്യത്തിന്‍റെ സമ്പദ് വ്യവസ്ഥയ്ക്കും ഒരുപോലെ ഗുണം ചെയ്യുമെന്ന് അതോറിറ്റി വ്യക്തമാക്കി. ജനുവരി ഒന്നു തുടങ്ങിയാണ് മദ്യത്തിനും പുകയില ഉല്‍പ്പന്നങ്ങള്‍ക്കും നികുതി വര്‍ധിപ്പിച്ചത്.

ആരോഗ്യത്തിന് ഹാനികരമായ ഉല്‍പ്പന്നങ്ങളുടെ ഉപയോഗത്തില്‍ നിന്നും ജനങ്ങളെ പിന്തിരിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഇത്തരം ഉൽപ്പന്നങ്ങൾക്ക് അധിക നികുതി ഏർപ്പെടുത്തിയതെന്നാണ് ജനറല്‍ ടാക്സ് അതോറിറ്റിയുടെ വിശദീകരണം. എനര്‍ജി ഡ്രിങ്കുകള്‍ക്ക് അമ്പത് ശതമാനവും നികുതി വര്‍ധിപ്പിച്ചിട്ടുണ്ട്. ഖത്തർ ധനകാര്യമന്ത്രാലയത്തിൻറെ നിയന്ത്രണത്തിൽ കഴിഞ്ഞ ദിവസമാണ് ജനറല്‍ ടാക്സ് അതോറിറ്റി സ്ഥാപിച്ചത്. നികുതി ഘടനകൾ വിലയിരുത്താനും പരിഷ്കാരങ്ങൾ നിർദേശിക്കാനും ലക്ഷ്യമിട്ടാണ് സ്വതന്ത്ര അതോറിറ്റിയെ നിയോഗിച്ചത്. 2030ലേക്കുള്ള ദേശീയ വികസന ലക്ഷ്യങ്ങള്‍ കൈവരിക്കാനും പ്രകൃതി വാതക വരുമാനത്തെ മാത്രം ആശ്രയിക്കാതിരിക്കാനും പുതിയ നികുതി വ്യവസ്ഥ സഹായിക്കുമെന്നാണ് കരുതുന്നത്. സമ്പദ് വ്യവസ്ഥ ശക്തിപ്പെടുത്താന്‍ എല്‍.എന്‍.ജിയിതര വരുമാനമാർഗങ്ങൾ ഖത്തർ ലക്ഷ്യമിടുന്നുണ്ട്. അതുകൂടി മുന്നില്‍ക്കണ്ടാണ് പ്രത്യേകാധികാരങ്ങളോടെ ജനറല്‍ ടാക്സ് അതോറിറ്റിക്ക് രൂപം നല്‍കിയത്.