ബുർജ് ഖലീഫയിൽ 22 വീടുകൾ ഈ മലയാളിക്ക് സ്വന്തം; നെറുകയിലെത്തിയ കഥ

ഇതല്ലേ ശരിക്കും ‘ജോർജേട്ടൻസ് പൂരം’എന്ന് ഏതൊരു മലയാളിയും സ്നേഹത്തോടെ ചോദിച്ചുപോകും. ജീവിതത്തിന്റെ സ്വപ്നത്തിന്റെ കരുത്തും അധ്വാവും കൊണ്ട് വിജയം വരിച്ചവരുടെ പട്ടികയിൽ ജോര്‍ജ് നെരേപ്പറമ്പിൽ എന്ന മലയാളി വ്യവസായിയുടെ പേരുമുണ്ടാകും. ഇൗ ഭൂമിയിലെ ഏറ്റവും ഉയരമുള്ള കെട്ടിടമായ ദുബായിലെ ബുര്‍ജ് ഖലീഫയില്‍ 22 അപ്പാര്‍ട്ട്മെന്റുകൾ ഇന്ന് ഇദ്ദേഹത്തിന്റെ സ്വന്തമാണ്.

ഒരു സുഹൃത്തിന്റെ പരിഹാസമാണ് ആകാശം തൊട്ട് നിൽക്കുന്ന ബുർജ് ഖലീഫയിലേക്ക് ഒാടി കയറാൻ ഇദ്ദേഹത്തെ പ്രേരിപ്പിച്ചത്. ബുര്‍ജ് ഖലീഫയ്ക്കുള്ളിൽ ഒന്നുകയറാൻ പോലും ജോര്‍ജിന് കഴിയില്ലെന്നായിരുന്നു സുഹൃത്തിന്റെ പരിഹാസം. പിന്നീട് 2010ല്‍ ബുര്‍ജ് ഖലീഫയില്‍ അപ്പാര്‍ട്ട്മെന്റുകള്‍ വാടകയ്ക്ക് കൊടുക്കുന്നുവെന്ന പരസ്യം കണ്ടപ്പോള്‍ അന്നുതന്നെ കരാര്‍ ഉറപ്പിച്ച് തന്നെ താമസം  ബുർജിലേക്ക് മാറ്റി. പിന്നീട് ഇതിൽ വലിയൊരു നിക്ഷേപ സാധ്യതയുണ്ടെന്ന് മനസിലാക്കിയ ജോർജ് അപ്പാർട്ട്മെന്റുകൾ ഒാരോന്നായി വാങ്ങിക്കുകായായിരുന്നു. 

സെക്കന്റ് ഹാന്റ് എയര്‍ കണ്ടീഷനുകളുടെ വിൽപ്പനയിലൂടെയായിരുന്നു ജോർജിന്റെ തുടക്കം. തകരാറിലായ പഴയ എയര്‍കണ്ടീഷണറുകള്‍ ചെറിയ വിലയ്ക്ക് വാങ്ങി  തകരാറുകള്‍ പരിഹരിച്ച് വില്‍ക്കുന്നതായിരുന്നു രീതി. പിന്നീട് പടിപടിയായി ഉയരുരകയായിരുന്നു. ഇപ്പോൾ കൊച്ചി അന്താരാഷ്ട്ര വിമാനത്താവള കമ്പനിയായ സിയാലിലെ പ്രധാന വ്യക്തഗത നിക്ഷേപകരിലൊരാളാണ് തൃശൂരുകാരുടെ ഇൗ ജോർജേട്ടൻ. ജിയോ ഗ്രൂപ്പ് എന്ന പേരിൽ തൃശൂരിലെ രാഗം തീയറ്റര്‍ ഉള്‍പ്പെടെ ഇന്ന് 15ഓളം സ്ഥാപനങ്ങളാണ് ജിയോ ഗ്രൂപ്പിന് കീഴില്‍ ഇന്ത്യയിലും വിദേശത്തുമായി പ്രവര്‍ത്തിക്കുന്നത്.