ദുബായ് അമർ സെന്ററുകളിൽ എമിഗ്രേഷൻ വിഭാഗത്തിന്റെ കൂടുതൽ സേവനങ്ങൾ

ദുബായ് അമർ സെന്ററുകളിൽ ഇനി എമിഗ്രേഷൻ വിഭാഗത്തിന്റെ കൂടുതൽ സേവനങ്ങൾ ലഭ്യമാകും. സ്ഥാപനങ്ങളുടെ എമിഗ്രേഷൻ കാർഡുകൾക്കു അമർ സെന്ററുകളെ സമീപിക്കാം. പിഴ അടയ്ക്കാനും  ഓൺലൈൻ ഐഡിക്ക് അപേക്ഷിക്കാനും സൌകര്യമൊരുക്കിയിട്ടുണ്ട്. 

സ്ഥാപനങ്ങളുടെ എമിഗ്രേഷൻ കാർഡ് ലഭിക്കാനും അതു പുതുക്കാനും ഇനി അമർ ഹാപ്പിനെസ് സെൻററുകളെ സമീപിക്കാം. അതോടൊപ്പം ഡിപ്പാർച്ചർ പെർമിറ്റ് ലഭിക്കാനും താമസ കുടിയേറ്റ പിഴകൾ അടയ്ക്കാനും ഓൺലൈൻ ഐഡിക്ക് അപേക്ഷിക്കാനും അമർ കേന്ദ്രങ്ങൾ വഴി സാധിക്കുമെന്ന് ജനറൽ ഡയറക്ടറേറ്റ് ഓഫ്  റസിഡൻസി  ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ് ഡയറക്ടർ ജനറൽ മേജർ ജനറൽ മുഹമ്മദ് അഹമ്മദ് അൽ മർറി പറഞ്ഞു. മുൻപ്  ഈ സേവനങ്ങൾക്കായി ഉപഭോക്താക്കൾ എമിഗ്രേഷൻ സെൻററുകളെയാണ് സമീപിച്ചിരുന്നത്. ഇതിലൂടെ നടപടിക്രമങ്ങൾ കൂടുതൽ ലളിതമാകുമെന്നും  ഡയറക്ടർ ജനറൽ വ്യക്തമാക്കി. 

എമിഗ്രേഷൻ ഓഫിസുകളിൽ പോകാതെ ഓൺലൈനിലൂടെ  വീസ നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ   സഹായിക്കുന്ന കേന്ദ്രങ്ങളാണ് അമർ സെന്ററുകൾ. എമിറേറ്റ്സ് ഐഡന്റിറ്റി അതോറിറ്റി, ദുബായ് മുനിസിപ്പാലിറ്റി, ഹെല്‍ത്ത് അതോറിറ്റി തുടങ്ങിയവയുടെയും  സേവനങ്ങൾ അമർ കേന്ദ്രങ്ങളിൽ  ലഭ്യമാണ്. നിലവിൽ അൻപത്തിയാറ് അമർ സെൻററുകളാണ് ദുബായിലുള്ളത്.