ഒമാനിൽ പ്രവാസികൾക്ക് തിരിച്ചടി; സേവന നിരക്കുകൾ വർധിപ്പിച്ചു

ഒമാനിൽ പ്രവാസികൾക്കു തിരിച്ചടിയായി സേവന നിരക്കുകള്‍ വര്‍ധിപ്പിച്ചു. വീസയുടെ ഭാഗമായുള്ള ആരോഗ്യ പരിശോധ അടക്കമുള്ള സേവനങ്ങൾക്കാണ് നിരക്കു വർധിപ്പിച്ചത്. അടുത്ത വര്‍ഷം ഫെബ്രുവരി ഒന്നു തുടങ്ങി നിരക്കു വർധന പ്രാബല്യത്തില്‍ വരും.

വിദേശികള്‍ക്ക് റസിഡന്റ് കാര്‍ഡിനായി നിലവിലെ മെഡിക്കൽ ഫീസ് പത്ത് റിയാലാണ്. എന്നാൽ ഫെബ്രുവരി ഒന്നുമുതൽ മെഡിക്കല്‍ പരിശോധനയ്ക്ക് 30 റിയാല്‍ നല്‍കണം. സര്‍ക്കാര്‍ ജീവനക്കാരായ വിദേശികള്‍ പ്രവർത്തിപരിചയ സര്‍ട്ടിഫിക്കറ്റിന് ഇനി 20 റിയാൽ നൽകേണ്ടിവരും. നേരത്തേ ആരോഗ്യമന്ത്രാലയം ഇതിന് പ്രത്യേക ഫീസ് ഈടാക്കിയിരുന്നില്ല. ഫാര്‍മസി ജോലി ഒഴികെയുള്ള ആരോഗ്യ മേഖലയിലെ അസിസ്റ്റന്റ് സേവനങ്ങള്‍ക്ക് നല്‍കേണ്ടത് 100 റിയാലാണ്. മെഡിക്കേഷന്‍ ഇറക്കുമതി, സ്വകാര്യ ക്ലിനിക്കുകൾ എന്നിവയ്ക്കുള്ള അനുമതി, ഫാര്‍മസി, ആശുപത്രി എന്നിവക്കുള്ള അംഗീകാരം, വാക്സിനേഷൻ തുടങ്ങി വിവിധ മേഖലകളില്‍ നിരക്കുകള്‍ വർധിപ്പിക്കുകയും പുതിയതായി ഏർപ്പെടുത്തുകയും ചെയ്തു. 

മെഡിക്കല്‍ ലീവ് അനുവദിക്കുന്നതിനുള്ള സര്‍ട്ടിഫിക്കേറ്റിന് വിദേശികള്‍ ഇനി രണ്ട് റിയാല്‍ നല്‍കണം. എണ്ണയിതര മേഖലയില്‍ നിന്നുള്ള വരുമാന വര്‍ധനവിന്റെ ഭാഗമായി സര്‍ക്കാര്‍ സേവനങ്ങളുടെ നിരക്കുയര്‍ത്തുമെന്ന് വാര്‍ഷിക ബജറ്റില്‍ സർക്കാർ വ്യക്തമാക്കിയിരുന്നു. ഇതിന്റെ ഭാഗമായാണ് പുതിയ നടപടി. മാനവവിഭവ ശേഷി, വാണിജ്യ, വ്യവസായ മന്ത്രാലയങ്ങൾ, റോയല്‍ ഒമാന്‍ പൊലീസ് എന്നിവയിലെ സേവനങ്ങൾക്കും നിരക്കുയര്‍ത്തിയിട്ടുണ്ട്. ആരോഗ്യ മന്ത്രാലയത്തിൽ കൂടി നിരക്ക് വര്‍ധന പ്രാബല്യത്തിൽ വരുന്നതോടെ ചെലവ് ഉയരുമെന്നാണ് പ്രവാസികളുടെ പ്രതികരണം.