'ഒടിയൻ മാണിക്യൻ' ദുബായിലെത്തി; ലാലേട്ടൻ ഫാൻസ് തകർത്തു

ദുബായ് : കണ്ണുംനട്ട് കാത്തിരുന്ന ‘ഒടിയൻ' ഒടുവിൽ ദുബായിലെത്തി; മോഹൻലാൽ ആരാധകരുടെ മനസിൽ ആഹ്ളാദപ്പൂത്തിരികൾ കത്തി. ഒടിവിദ്യകളുമായി അഭ്രപാളികളിൽ വിസ്മയം തീർക്കാനല്ല ഇൗ ഒടിയൻ എത്തിയത്. ഇൗ മാസം 14 മുതൽ  തന്നെക്കാണാനെത്തുന്നവരെ തിയറ്ററുകളിൽ സ്വീകരിക്കാൻ. 

ഒടിയൻ എന്ന ചിത്രത്തിലെ മോഹൻലാലിന്റെ  ഒടിയൻ മാണിക്യൻ എന്ന കഥാപാത്രത്തിന്റെ, 30 കിലോ ഗ്രാം ഭാരമുള്ള ഫൈബർ ഗ്ലാസിൽ തീർത്ത മനോഹരമായ പ്രതിമയാണ് ദുബായ് ഗ്രാൻഡ് ഹയാത്തിലെ വോക്സ് സിനിമാസിൽ ഇന്നലെ(തിങ്കൾ) മോഹൻലാൽ ഫാൻസ് ഒാൺലൈൻ യുഎഇ യൂണിറ്റിന്റെ നേതൃത്വത്തിൽ അനാച്ഛാദനം ചെയ്തത്. യുവാവായ ഒടിയൻ മാണിക്യൻ വശ്യമായി പുഞ്ചിരിച്ചുകൊണ്ട് കുതിക്കുന്നതാണ് രൂപം. ചടങ്ങിന് സാക്ഷ്യം വഹിക്കാൻ യുഎഇയുടെ വിവിധ ഭാഗങ്ങളിൽ നിന്ന് സ്ത്രീകളടക്കം മോഹൻലാൽ ആരാധകർ ഒഴുകിയെത്തി. 

ആർപ്പുവിളികളുടെയും താളമേളങ്ങളുടെയും അകമ്പടിയോടെ തിയറ്ററിൽ ആനയിക്കപ്പെട്ട പ്രതിമ ഒടുവിൽ പൂമുഖത്ത് തന്നെ പ്രതിഷ്ഠിച്ചു. ഇതു കണ്ട് തിയറ്ററില്‍ സിനിമ കാണാനെത്തിയിരുന്ന സ്വദേശികൾക്കും വിദേശികൾക്കും തിയറ്റർ ജീവനക്കാർക്കും കൗതുകം. ആദ്യമായാണ് ഗൾഫിലെ ഒരു തിയറ്ററിൽ ഒരു ഇന്ത്യൻ അഭിനേതാവിന്റെ പ്രതിമ സ്ഥാപിക്കുന്നത്. ഇതൊരു സാമ്പിള്‍ വെടിക്കെട്ടാണെന്നും ഇതിലും വലിയ പൂരമായിരിക്കും ചിത്രത്തിന്റെ റിലീസിനടുത്ത ദിവസങ്ങളിൽ നടക്കാൻ പോകുന്നതെന്നും മോഹൻലാൽ ഫാൻസ് ഒാൺലൈൻ യൂണിറ്റ് യുഎഇ സെക്രട്ടറി അനീഷ് ചന്തു മനോരമഒാൺലൈനിനോട് പറഞ്ഞു. 

ഇൗ മാസം എട്ടിന് വൈകിട്ട് ദുബായ് ഫെസ്റ്റിവൽ സിറ്റി അറേനയിൽ  ഒടിയന്റെ ഗ്ലോബൽ ലോഞ്ചിങ് നടക്കും.  മോഹൻലാൽ, മഞ്ജുവാര്യർ, പ്രകാശ് രാജ്, സിദ്ദീഖ് തുടങ്ങിയ ചിത്രത്തിലെ അഭിനേതാക്കളും സംവിധായകൻ ശ്രീകുമാർ മേനോൻ, ആക്ഷൻ ഡയറക്ടർ പീറ്റർ ഹെയ്ൻ എന്നിവരും പങ്കെടുക്കും. 14ന് പുലർച്ചെ ആറിന് ഫാൻസ് ഷോകൾ ദുബായ് മാളിലെ റീൽ സിനിമാസിലും അബുദാബി ഖാലിദിയ മാളിലെ സിനി റോയലിലും നടക്കും.  

വേള്‍ഡ് വൈഡ് ഫിലിംസാണ് ഒടിയൻ ഗൾഫിൽ വിതരണം ചെയ്യുന്നത്. ഇത്രയും ആകാംക്ഷയോടെ ഇതിന് മുൻപൊരു മലയാള ചിത്രത്തെ ആരും കാത്തിരുന്നിട്ടില്ലെന്നും ഒടിയന് വൻ വരവേൽപ് ലഭിക്കുമെന്ന കാര്യത്തിൽ സംശയമില്ലെന്നും വേൾഡ് വൈഡ് ഫിലിംസ് ഡയറക്ടർമാരായ നൗഫൽ അഹമ്മദും ബ്രിജേഷ് മുഹമ്മദും പറഞ്ഞു. നടൻ മിഥുൻ രമേശ്,  ഇക്വിറ്റി പ്ലസ് പ്രതിനിധി ജൂബി കുരുവിള, ആഡ് സ്പീക്കിങ് എംഡി ദിൽഷാദ്, വേൾഡ് വൈഡ് ഫിലിംസ് പ്രതിനിധി ഷാരു വർഗീസ് എന്നിവരും സംബന്ധിച്ചു.

മലയാള മനോരമയിൽ ലീഡർ റൈറ്ററായ ഹരികൃഷ്ണന്റെ രചനയിൽ പരസ്യചിത്ര സംവിധായകൻ ശ്രീകുമാർ മേനോൻ ആദ്യമായി ഒരുക്കിയ ഒടിയൻ ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആൻറണി പെരുമ്പാവൂരാണ് നിർമിച്ചത്. ചിത്രം ഇൗ മാസം 14ന് ഇന്ത്യയിലും ഗൾഫിലും യൂറോപ്യൻ രാജ്യങ്ങളിലുമടക്കം റിലീസാകും. ഇതിന് മുൻപ് മറ്റൊരു മലയാള ചിത്രത്തിനും ലഭിക്കാത്ത വരവേൽപാണ് ഒടിയന് ലഭിക്കുക. ദുബായിലെ തിയറ്ററുകളിൽ ഒടിയന്റെ കട്ടൗട്ടുകളും ചിത്രങ്ങളും കൊണ്ട് നിറഞ്ഞിരിക്കുന്നത് ഇക്കാര്യം വിളിച്ചോതുന്നു. അഡ്വാൻസ് ബുക്കിങ്ങിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്